കൊവിഡ് വാക്‌സിനുകൾ യുവാക്കളിൽ പെട്ടെന്നുള്ള മരണ സാധ്യത കുറയ്ക്കുന്നു: ICMR പഠനം

ന്യൂഡൽഹി: കോവിഡ് 19 വാക്‌സിനുകള്‍ ഇന്ത്യയിലെ യുവാക്കളിലെ പെട്ടെന്നുള്ള മരണസാധ്യത വർധിപ്പിക്കുന്നില്ലെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെ (ഐ.സി.എം.ആർ.) പഠനം. കോവിഡ് വാക്സിനുകൾ ഇത്തരത്തിലുള്ള അപകടസാധ്യത കുറയ്ക്കുകയാണ് യഥാർഥത്തിൽ ചെയ്തതെന്നും പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. 18-നും 45-നും ഇടയില്‍ പ്രായമുള്ളവരില്‍ പെട്ടെന്ന് മരണം സംഭവിക്കുന്നെന്ന റിപ്പോര്‍ട്ടുകളുടെ പശ്ചാത്തലത്തിലായിരുന്നു ഐസിഎംആറിന്റെ പഠനം.

ഇന്ത്യയിലെ 47 ആശുപത്രികള്‍ കേന്ദ്രീകരിച്ച് 2021 ഒക്ടോബര്‍ ഒന്ന് മുതല്‍ 2023 മാര്‍ച്ച് 31 വരെയാണ് പഠനം നടത്തിയത്‌. യുവാക്കള്‍ക്കിടയില്‍ പെട്ടെന്നുള്ള മരണം വര്‍ധിക്കുന്നത് കോവിഡ് വാക്‌സിനുകള്‍ മൂലമല്ല. മറിച്ച്, കോവിഡ് രോഗം ഗുരുതരമായി ബാധിച്ചതും മദ്യപാനം അടക്കമുള്ള ജീവിതശൈലികളുമാണ് മരണത്തിലേക്ക് നയിക്കുന്നതെന്നാണ് കണ്ടെത്തല്‍.

പെട്ടെന്നുള്ള മരണത്തിന്റെ സാധ്യത വർദ്ധിപ്പിക്കുന്ന നിരവധി ഘടകങ്ങൾ പഠനം കണ്ടെത്തി. കൊവിഡ്-19 മൂലം ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ളവർ, പെട്ടെന്നുള്ള മരണങ്ങൾ ഉണ്ടായിട്ടുള്ള കുടുംബങ്ങളിൽ നിന്നുള്ളവർ, മരണത്തിന് 48 മണിക്കൂറിനുള്ളിൽ അമിതമായി മദ്യപിച്ചത്, ലഹരി മരുന്നുകളുടെ ഉപയോഗം, മരണത്തിന് 48 മണിക്കൂറിനുള്ളിൽ കഠിനമായ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടൽ എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കോവിഡ് ബാധിതരായതിന് പിന്നാലെയുള്ള ആരോ​ഗ്യാവസ്ഥ കണക്കിലെടുക്കാതെ കഠിനമായ വ്യായാമം അപകടകരമാണെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. കോവിഡ് 19 ബാധിച്ചവര്‍ അടുത്ത ഒന്ന്, രണ്ട് വർഷം അമിതമായി കഠിനമായ അധ്വാനങ്ങളിൽ ഏര്‍പ്പെടരുതെന്ന് പഠനം ചൂണ്ടിക്കാട്ടി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇവ ഹൃദയാഘാതം ഒഴിവാക്കാനുള്ള മുൻകരുതലാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു.

More Stories from this section

family-dental
witywide