
ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ സിപിഐഎം പങ്കെടുക്കില്ല. മതപരമായ വിശ്വാസങ്ങളെ സിപിഐഎം ബഹുമാനിക്കുന്നുവെങ്കിലും മതപരമായ ചടങ്ങിനെ രാഷ്ട്രീയവല്‍ക്കരിക്കാന്‍ അനുവദിക്കില്ലെന്ന് സിപിഐഎം നേതാവ് ബൃന്ദാ കാരാട്ട്. രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങിലൂടെ വിശ്വാസവും രാഷ്ട്രീയവുമായി കലര്‍ത്താനാണ് തീരുമാനമെന്നും ബൃന്ദാ കാരാട്ട് പറഞ്ഞു.
രാഷ്ട്രീയത്തെ മതവുമായി കൂട്ടിക്കുഴയ്ക്കരുതെന്ന് ബൃന്ദ കാരാട്ട് പറഞ്ഞു. മതപരമായ ചടങ്ങുകളെ രാഷ്ട്രീയവത്കരിക്കുന്നതിന് സിപിഎം എതിരാണ്. ജനങ്ങളുടെ മതവികാരത്തെ സിപിഎം മാനിക്കുന്നു. എന്നാല്‍ അതിനെ രാഷ്ട്രീയവുമായി ചേര്‍ക്കുന്നതിനോട് യോജിപ്പില്ല എന്നും ബൃന്ദ പറഞ്ഞു. രാഷ്ട്രീയ അജന്‍ഡയെ മുന്നോട്ടുകൊണ്ടുപോവുന്നതിന് മതത്തെ ആയുധമാക്കുന്നത് ശരിയല്ല. ഇപ്പോള്‍ നടക്കുന്നത് തികച്ചും രാഷ്ട്രീയമായ കാര്യമാണ്. രാഷ്ട്രീയവും മതവും രണ്ടായിത്തന്നെ ഇരിക്കേണ്ട കാര്യങ്ങളാണ്.
അയോധ്യയിലെ ചടങ്ങ് സിപിഎം ബഹിഷ്‌കരിക്കുകയല്ലെന്നും മതത്തെ രാഷ്ട്രീയ നേട്ടത്തിന് ഉപയോഗിക്കുന്നത് ശരിയല്ലെന്ന നിലപാട് വ്യക്തമാക്കുക മാത്രമാണ് ചെയ്യുന്നതെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. രാമക്ഷേത്ര നിര്‍മാണ സമിതി ചെയര്‍മാന്‍ നൃപേന്ദ്ര മിശ്രയാണ് ജനുവരി 22ന് നടക്കുന്ന പ്രതിഷ്ഠാദിന ചടങ്ങിലേക്ക് സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയെ ക്ഷണിച്ചത്. എന്നാല്‍ ചടങ്ങിലേക്കുള്ള ക്ഷണം നിരസിച്ചതായി സീതാറാം യെച്ചൂരിയുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ നേരത്തേ തന്നെ അറിയിച്ചിരുന്നു.
അതേസമയം കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്‍മോഹന്‍ സിങ് എന്നിവരെയും പ്രതിഷ്ഠാ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ട്. സോണിയ ഗാന്ധി നേരിട്ടോ അവരുടെ പ്രതിനിധിയോ ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് കോണ്‍ഗ്രസ് പ്രതികരിച്ചത്.