മാസപ്പടി വിവാദം; മാപ്പുപറയാൻ തയ്യാറുണ്ടോ എന്ന് മാത്യു കുഴൽനാടനോട് സിപിഎം

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകൾ ടി.വീണയുടെ കമ്പനിയായ എക്സാലോജിക്, കരിമണൽ കമ്പനിയായ സിഎംആർഎലിൽ നിന്നു വാങ്ങിയ 1.72 കോടി രൂപയുടെ പ്രതിഫലത്തിനു ജിഎസ്ടി അടച്ചതായി സർക്കാർ ഔദ്യോഗികമായി സ്ഥിരീകരിച്ചതിനു പിന്നാലെ, പരാതി ഉന്നയിച്ച മാത്യു കുഴൽനാടൻ എംഎൽഎ ക്ക് എതിരെ സിപിഎം രംഗത്ത്. മുഖ്യമന്ത്രിയും മകളും വെട്ടിലായ മാസപ്പടി വിവാദത്തെ ഇതുവഴി പ്രതിരോധിക്കാമെന്ന് സിപിഎം കരുതുന്നു. ഈ വിഷയത്തിൽ പ്രതിരോധത്തിലായിരുന്ന സിപിഎം ഇപ്പോൾ ആക്രമിച്ചു മുന്നേറാൻ തുടങ്ങി.

ആരോപണം വസ്തുതകൾക്ക് മുന്നിൽ തകർന്നു വീണെന്നും മുഖ്യമന്ത്രി പിണറായി വിജയനോടും മകൾ ടി. വീണയോടും മാത്യു മാപ്പു പറയണം എന്നും സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എ കെ ബാലന്‍ ആവശ്യപ്പെട്ടു.

‘കുഴല്‍നാടന്‍ പൊതുപ്രവര്‍ത്തനത്തില്‍ തുടരാനാണ് ഉദ്ദേശിക്കുന്നതെങ്കില്‍ അദ്ദേഹം ആദ്യം പറഞ്ഞതുപോലെ മാപ്പ് പറയണം. വീണയോടും മുഖ്യമന്ത്രിയുടെ കുടുംബത്തോടും ഒരു വട്ടമെങ്കിലും മാപ്പ് പറയണം. വിവാദങ്ങൾ അവസാനിച്ചിട്ടില്ല. ഇനി മേലിൽ ഇമ്മാതിരി കള്ളത്തരവും കൊണ്ട് നടക്കരുത്’- ബാലൻ പാലക്കാട്ട് മാധ്യമങ്ങളോട് പറഞ്ഞു. ചെയ്യാത്ത ജോലിക്ക് എന്തിനാണ് ജിഎസ്ടി അടയ്ക്കുന്നത് എന്ന മാധ്യമങ്ങളുടെ ചോദ്യത്തോട് അദ്ദേഹം ക്ഷുഭിതനായാണ് പ്രതികരിച്ചത്.

മാത്യു കുഴൽനാടൻ ശ്രദ്ധകിട്ടാൻ വേണ്ടിയുള്ള ശ്രമങ്ങളാണ്‌ നാടത്തുന്നതെന്ന്‌ എ എ റഹീം എംപി തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ പറഞ്ഞു.

‘മുഖ്യമന്ത്രിയുടെ മകൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് ആളുകളുടെ ശ്രദ്ധയാകര്‍ഷിക്കാനാണ് ശ്രമിക്കുന്നത്. വ്യക്തിഹത്യ നടത്തി കേരള രാഷ്‌ട്രീയത്തെ മലിനമാക്കാനാണ് മാത്യു കുഴല്‍നാടന്‍ ശ്രമിക്കുന്നത്. പാര്‍ട്ടിയില്‍ അറ്റന്‍ഷന്‍ കിട്ടാനാണ് ഇപ്പോഴുള്ള ശ്രമം.അതിന്റെ ചെലവില്‍ കെപിസിസി ഭാരവാഹിയാകണം. അതാണ് മാത്യു കുഴല്‍നാടന്റെ ആവശ്യം. അദ്ദേഹത്തിന് അറ്റന്‍ഷന്‍ സീക്കിങ് സിന്‍ഡ്രോം ആണ്. ചികിത്സ വേണ്ടിവരും. മാത്യു കുഴല്‍നാടന് കോണ്‍ഗ്രസ് ചികിത്സ നല്‍കണം. വേണമെങ്കില്‍ അതിനുള്ള കാശ് ഡിവൈഎഫ്ഐ കൊടുക്കാം’ – റഹീം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

എന്നാൽ മാസപ്പടി, ജിഎസ്ടി വിഷയത്തിൽ താനുന്നയിച്ച വിഷയങ്ങളിൽ നിന്ന് ഒളിച്ചോടില്ല എന്ന് മാത്യു കുഴൽനാടൻ വ്യക്തമാക്കി. താൻ ഉന്നയിച്ച കാര്യങ്ങൾ എന്താണ് എന്ന് ജനങ്ങളോട് വ്യക്തമാക്കും. തെറ്റു പറ്റിയിട്ടുണ്ടെങ്കിൽ മാപ്പു പറയാനും തനിക്ക് മടിയില്ല എന്ന് മാത്യു വ്യക്തമാക്കി.

എന്നാൽ സംസ്ഥാന സർക്കാരിൻ്റെ ഒരു എജിഎസ്ടി റിപ്പോർട്ട് കൊണ്ട് തീരുമോ മാസപ്പടി വിവാദം എന്ന് കണ്ടറിയണം. കൊടുക്കാത്ത സേവനത്തിന് എന്തിനു പണം കൈപ്പറ്റി . ആദായ നികുതി വകുപ്പ് ഇടക്കാല സെറ്റിൽമെൻ്റ് ബോർജിൻ്റെ കണ്ടെത്തെലിനെതിരെ എന്തുകൊണ്ട് വീണ കോടതിയിൽ പോകുന്നില്ല തുടങ്ങിയ ചോദ്യങ്ങൾ ബാക്കി നിൽക്കുന്നു.

CPM Demands Apology From Mathew Kuzhalnadan MLA Over Monthly quota Controversy

More Stories from this section

family-dental
witywide