തൃശൂര്‍: 300 കോടിയുടെ കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ മുന്‍ മന്ത്രി എ.സി. മൊയ്തീന്റെ വീട്ടില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് പരിശോധന നടത്തിയത് സിപിഎമ്മിനു വന്‍ ആഘാതമായി. തട്ടിപ്പില്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് പങ്കുണ്ടെന്ന ആരോപണം നുണയെന്നായിരുന്നു ജില്ലാ നേതൃത്വം പറഞ്ഞിരുന്നത്. വെട്ടിപ്പിനെ കുറിച്ച് ഏരിയ, ലോക്കല്‍ കമ്മിറ്റികള്‍ക്ക് അറിവില്ലെന്നായിരുന്നു പാര്‍ട്ടി നിലപാട്. ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗങ്ങള്‍ ഒഴികെ ആര്‍ക്കെതിരെയും നടപടിയും എടുത്തിരുന്നില്ല. എ.സി. മൊയ്തീന്റെ പങ്കിനെ കുറിച്ച് തുടക്കം മുതലേ ആരോപണമുണ്ടായിരുന്നു. തട്ടിപ്പ് നടക്കുന്നുവെന്ന് പാര്‍ട്ടി അംഗമായ ബാങ്കിലെ മുന്‍ ജീവനക്കാരന്‍ എസ്. സുരേഷ് പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നു. ജില്ലാ സെക്രട്ടറിയായിരുന്ന ബേബി ജോണ്‍ ആ പരാതി പരിഗണിച്ചുകൊണ്ടിരിക്കെയാണ് സ്ഥാനം രാജിവച്ചത്. തുടര്‍ന്ന് സെക്രട്ടറിയായ മൊയ്തീന്റെ കയ്യിലാണ് പിന്നീട് പരാതി വന്നത്.
കഴിഞ്ഞ മന്ത്രിസഭക്കാലത്ത് ശക്തനായിരുന്ന മൊയ്തീനെതിരെ എന്തെങ്കിലും പറയാന്‍ ജില്ലാ കമ്മിറ്റിയില്‍ ആരും മുതിര്‍ന്നില്ല എന്നതാണ് സത്യം.
അതേസമയം മൊയ്തീനെതിരെ കടുത്ത ആരോപണങ്ങളുമായി കോണ്‍ഗ്രസ് നേതാവ് അനില്‍ അക്കര രംഗത്തെത്തി. ബാങ്കുകളിലെ സ്വര്‍ണം വില്‍ക്കുകയും വാങ്ങുകയും ചെയ്യുന്ന മഹാരാഷ്ട്ര സ്വദേശി അനില്‍കുമാര്‍ , പണം പലിശയ്ക്ക് നല്‍കുന്ന കണ്ണൂര്‍ സ്വദേശി സതീശ് എന്നിവര്‍ മൊയ്തീന്റെ ബെനാമി കളാണെന്ന് അക്കര ആരോപിച്ചു. ഇവരുടെ സഹായത്തോടെ കരുവണ്ണൂര്‍ സഹകരണ ബാങ്കില്‍നിന്ന് 29 കോടി മൊയ്തീന്‍ തട്ടിയെടുത്തെന്നും തിരഞ്ഞെടുപ്പ് സത്യവാങ്മൂലത്തില്‍ കാണിക്കാത്ത 30 ലക്ഷം ബാങ്കിലും സ്വയം സഹായ സഹകരണ സംഘത്തിലും നിക്ഷേപിച്ചുണ്ടെന്നും അക്കരെ പത്രസമ്മേളനത്തില്‍ ആരോപിച്ചു.
ഈ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മൊയ്തീനെതിരെ നടപടി സ്വീകരിക്കണം. മൊയ്തീന് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ ഒരു അവകാശവുമില്ല. – അക്കര വ്യക്തമാക്കി . എ.സി. മൊയ്തീന്‍ എംഎല്‍എയുടേയും അദ്ദേഹത്തിന്റെ ബെനാമികളെന്ന് ആരോപിക്കുന്ന രണ്ടുപേരുടെയും അക്കൗണ്ടുകള്‍ ഇഡി മരവിപ്പിച്ചതായാണ് വിവരം.