95 എംപിമാർ പുറത്തു നിൽക്കെ ക്രിമിനല്‍ നിയമം പൊളിച്ചെഴുതുന്ന ബില്ലുകള്‍ ലോക്‌സഭയിൽ

ന്യൂഡൽഹി: ക്രിമിനൽ നിയമങ്ങളിൽ മാറ്റങ്ങൾ കൊണ്ടുവരുന്ന ബില്ലുകൾ ലോക്സഭയിൽ അവതരിപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രതിപക്ഷത്തിൻ്റെ അസാന്നിധ്യത്തിലായിരുന്നു ബിൽ അവതരണം. ഐപിസിയും സിആർപിസിയും ഇന്ത്യൻ തെളിവ് നിയമവും പരിഷ്ക്കരിക്കാനുള്ളതാണ് ബില്ലുകൾ.

ഇന്ത്യൻ ശിക്ഷാ നിയമം 1860, ക്രിമിനൽ നടപടി ചട്ടം 1973, ഇന്ത്യൻ എവിഡൻസ് ആക്റ്റ് 1872 എന്നിവയ്ക്ക് പകരം ഭാരതീയ ന്യായ (രണ്ടാം) സംഹിത, ഭാരതീയ നാഗരിക സുരക്ഷാ (രണ്ടാം) സംഹിത, ഭാരതീയ സാക്ഷ്യ ബിൽ എന്നീ ബില്ലുകളാണ് അമിത് ഷാ അവതരിപ്പിച്ചത്. നേരത്തെ മൺസൂൺ സെഷനിൽ അമിത് ഷാ ഈ ബില്ലുകൾ അവതരിപ്പിച്ചിരുന്നു. മൺസൂണൺ സെഷൻ ബില്ലുകൾ പാർലമെന്ററി സ്റ്റാൻഡിംഗ് കമ്മിറ്റിക്ക് അയച്ചിരുന്നു.

ഈ സമ്മേളനത്തിൻ്റെ തുടക്കത്തിൽ ശിക്ഷാ നിയമങ്ങള്‍ക്ക് പകരം കൊണ്ടുവന്ന ബില്ലുകള്‍ കേന്ദ്രസര്‍ക്കാര്‍ താത്കാലികമായി പിൻവലിച്ചിരുന്നു. മാറ്റങ്ങളോടെ പുതിയ ബില്ലുകൾ കൊണ്ടു വരുമെന്ന അറിയിപ്പോടെയായിരുന്നു ബില്ലുകൾ പിൻവലിച്ചത്. ആഭ്യന്തര മന്ത്രാലയത്തിന് കീഴിലെ പാര്‍ലമെൻ്റ് ഉപസമിതി നിയമങ്ങള്‍ പരിശോധിച്ച് ചില തിരുത്തലുകള്‍ ആവശ്യപ്പെട്ടിരുന്നു. ഈ തിരുത്തലുകൾ ഉൾപ്പെടുത്തിയാണ് ഭാരതീയ ന്യായ സംഹിത, ഭാരതീയ നാഗരിക് സുരക്ഷാ സൻഹിതാ ബില്ല്, ഭാരതീയ സാക്ഷ്യ ബിൽ എന്നിവയാണ് അമിത് ഷാ ഇന്ന് വീണ്ടും സഭയിൽ അവതരിപ്പിച്ചത്.

മൂന്നില്‍ രണ്ട് പ്രതിപക്ഷ എംപിമാരും സസ്‌പെന്‍ഡ് ചെയ്യപ്പട്ടതിന് പിന്നാലെയാണ് അമിത് ഷാ ബില്ലുകള്‍ വീണ്ടും അവതരിപ്പിക്കുന്നത്. 543 അംഗ ലോക്‌സഭയില്‍ പ്രതിപക്ഷത്ത് 199 എം.പിമാരാണുള്ളത്. ഇതില്‍9 5 പേരെ കഴിഞ്ഞ രണ്ടുദിവസങ്ങളിലായി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇരുസഭകളിലും നിന്നായി 141 എം.പിമാരാണ് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടത്. ലോക്‌സഭയിലുണ്ടായ സുരക്ഷാ വീഴ്ച സംബന്ധിച്ചുള്ള പ്രതിഷേധങ്ങള്‍ അതിരുവിട്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷ എംപിമാരെ സസ്‌പെന്‍ഡ് ചെയ്തത്.

More Stories from this section

family-dental
witywide