ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയാറെന്ന് സൂചന; സിറോ മലബാർ സഭയിലെ പ്രതിസന്ധി തീരുന്നു

സിറോ- മലബാര്‍ സഭയില്‍ പ്രശ്‌നപരിഹാരത്തിന് വഴി തെളിയുന്നു. എറണാകുളം- അങ്കമാലി അതിരൂപതയിലെ പ്രതിസന്ധിയില്‍ ഇരുപക്ഷവും വിട്ടുവീഴ്ചകളിലേക്കെന്ന് സൂചന.

പൊന്തിഫിക്കല്‍ ഡെലിഗേറ്റിന്റെ മടക്കം 23-ലേക്ക് മാറ്റി. പുതിയ ധാരണകള്‍ വത്തിക്കാനിലെ പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന് സമര്‍പ്പിച്ചിട്ടുണ്ട്. ഇന്ന് ഉച്ചയോടെ അന്തിമ തീരുമാനം ഉണ്ടാകുമന്നാണ് പ്രതീക്ഷ.

പ്രശ്‌ന പരിഹാരത്തിന് മാര്‍പാപ്പയുടെ പ്രതിനിധിയായി എത്തിയ പൊന്തിഫിക്കല്‍ ഡെലഗേറ്റ് ആര്‍ച്ച് ബിഷപ്പ് സിറില്‍ വാസില്‍ ഇന്നായിരുന്നു വത്തിക്കാനിലേക്ക് മടങ്ങാനിരുന്നത്. അത് ഇപ്പോള്‍ 23-ലേക്ക് മാറ്റി. സിറില്‍ വാസില്‍ വത്തിക്കാനിലെത്തി അന്തിമ റിപ്പോര്‍ട്ട് മാര്‍പാപ്പക്ക് കൈമാറുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഡിസംബര്‍ 25 മുതല്‍ നടപ്പില്‍ വരുത്തേണ്ട ഉത്തരവുകള്‍ അഡ്മിനിസ്‌ടേറ്റര്‍ ബിഷപ്പ് മാർ ബോസ്കോ പുത്തൂരിന് കൈമാറുമെന്നും പറഞ്ഞിരുന്നു. ഡിസംബര്‍ 25 ന് ഏതെങ്കിലും ഒരു കുര്‍ബാന മാത്രം സിനഡ് കുര്‍ബാന ചൊല്ലാമെന്ന നിലപാടിലായിരുന്നു എറണാകുളത്തെ വൈദികര്‍. എന്നാല്‍ ഇത് റോം അംഗീകരിക്കാനുള്ള സാധ്യത കണ്ടിരുന്നില്ല. ഈ സാഹചര്യത്തില്‍ സിറില്‍ വാസിന്റെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഏതാനും വൈദികര്‍ക്കെതിരെയുള്ള നടപടി മാര്‍പാപ്പാ വിഡിയോ സന്ദേശത്തിലൂടെ പ്രഖ്യാപിക്കുമെന്ന് സൂചന ലഭിച്ചു.

എന്നാല്‍ ഇപ്പോള്‍ ഇരുപക്ഷവും വിട്ടുവീഴ്ചയ്ക്ക് തയാറായതായി സൂചന ലഭിച്ചതോടെ കാര്യങ്ങളില്‍ മാറ്റമുണ്ടാകാം. പുതിയ ധാരണകള്‍ എന്തൊക്കെയാണെന്നും വത്തിക്കാനിലെ പൗരസ്ത്യസഭകള്‍ക്കായുള്ള കാര്യാലയത്തിന് സമര്‍പ്പിച്ച ധാരണകള്‍ അംഗീകരിച്ചോ എന്നുമുള്ള കാര്യങ്ങൾ ഇതുവരെ പുറത്തുവന്നില്ല.

ഇതിനിടെ എറണാകുളം – അങ്കമാലി അതിരുപതയുടെ പദവി മാറ്റാനുള്ള നടപടികള്‍ പൂര്‍ത്തിയായി.മേജര്‍ അതിരൂപത എന്ന പേര് ഇനി ഉണ്ടാകില്ല. സ്വതന്ത്ര അതിരൂപതയായി എറണാകുളം മാറും. ഫാ. ഡോ. വര്‍ഗീസ് പൊട്ടക്കല്‍ ആകും പുതിയ അതിരൂപത ആര്‍ച്ച് ബിഷപ്പ്. പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.

Crises in Syro Malabar church ends

More Stories from this section

family-dental
witywide