കുസാറ്റ് ദുരന്തം: സാറയ്ക്ക് അന്തിമോപചാരം അർപ്പിക്കാൻ മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരുമെത്തി

കോഴിക്കോട്: കൊച്ചി സര്‍വകലാശാലയില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച വിദ്യാർഥി സാറ തോമസിന് അന്തിമോപചാരം അർപ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും. സാറയുടെ മൃതദേഹം പൊതുദർശനത്തിനായി കോഴിക്കോട് താമരശേരി കോരങ്ങാട് അൽഫോൻസാ സ്കൂളിലെത്തിച്ചപ്പോഴാണ് മുഖ്യമന്ത്രിയും മന്ത്രിമാരും അവിടെയെത്തിയത്.

നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മറ്റു മന്ത്രിമാരും കോഴിക്കോടുണ്ടായിരുന്നു. കൊടുവള്ളിയിലേക്കുള്ള യാത്രാമധ്യേയാണ് നവകേരള സദസിനായി പ്രത്യേകം തയാറാക്കിയ ബസിൽ മുഖ്യമന്ത്രിയും മന്ത്രിമാരും സാറക്ക് അന്തിമോപചാരം അർപ്പിക്കാൻ താമരശേരിയിൽ എത്തിയത്. സാറയുടെ സംസ്കാരം നാളെ നടക്കും.

അതേസമയം, ദുരന്തത്തിൽ മരിച്ച മറ്റൊരു വിദ്യാർഥി അതുൽ തമ്പിയുടെ മൃതദേഹം സംസ്കരിച്ചു. കൂത്താട്ടുകുളം കിഴകൊമ്പ് കൊച്ചുപാറയിൽ കെ.എം.തമ്പിയുടെ മകനാണ് അതുൽ തമ്പി. കുസാറ്റിൽ സ്കൂൾ ഓഫ് എൻജിനീയറിങ് വിദ്യാർഥിയായിരുന്നു. കൂത്താട്ടുകുളം വടകര സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിലായിരുന്നു സംസ്കാരച്ചടങ്ങുകൾ. അപകടത്തിൽ മരിച്ച ഇലക്ട്രീഷ്യനായ പാലക്കാട് മുണ്ടൂർ സ്വദേശി ആൽബിൻ ജോസഫിന്റെയും സംസ്കാരം ഇന്ന് വൈകിട്ട് നടക്കും. അപകടത്തിൽ മരിച്ച മറ്റൊരു വിദ്യാർഥി പറവൂർ സ്വദേശിനി ആൻ റിഫ്ത റോയിയുടെ സംസ്കാരം ചൊവ്വാഴ്ചയാണ്.

എന്‍ജിനീയറിങ് വിദ്യാര്‍ഥികളായ കൂത്താട്ടുകുളം കിഴക്കൊമ്പ് കൊച്ചുപാറയില്‍ കെ.എം. തമ്പിയുടെ മകന്‍ അതുല്‍ തമ്പി (21), പറവൂര്‍ കുറുമ്പത്തുരുത്ത് കോണത്ത് വീട്ടില്‍ കെ.ജി റോയിയുടെ മകള്‍ ആന്‍ റിഫ്ത റോയ് (21), കോഴിക്കോട് താമരശേരി കോരങ്ങാട് തുവ്വക്കുന്നില്‍ താമസി വയലപ്പള്ളില്‍ തോമസ് സ്‌കറിയയുടെ മകള്‍ സാറാ തോമസ് (20), ഇലക്ട്രീഷ്യനായ പാലക്കാട് മുണ്ടൂര്‍ എഴക്കാട് കോട്ടപ്പള്ളം തൈപ്പറമ്പ് ജോസഫിന്റെ മകന്‍ ആല്‍ബിന്‍ ജോസഫ് (23) എന്നിവരാണ് മരിച്ചത്. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും നാല് പേരുടേയും മരണം സംഭവിച്ചിരുന്നു.

More Stories from this section

family-dental
witywide