കുസാറ്റ് ദുരന്തം; മൂന്നംഗ സമിതി അന്വേഷിക്കുമെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു

കൊച്ചി: കുസാറ്റില്‍ ഗാനസന്ധ്യയ്ക്കിടെയുണ്ടായ ദുരന്തത്തില്‍ മൂന്ന് വിദ്യാര്‍്തഥികളടക്കം നാല് പേര്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിനായി മൂന്നംഗ സമിതിയെ നിയോഗിച്ചുവെന്ന് ഉന്നതവിദ്യാഭ്യാസമന്ത്രി ആര്‍ ബിന്ദു. മുന്നൊരുക്കങ്ങളിലെ പാളിച്ചകള്‍ സമിതി പരിശോധിക്കും. അപകടത്തിന് കാരണമായ വസ്തുതകള്‍ അന്വേഷിക്കുന്ന സമിതി ഭാവിയില്‍ ഇത്തരം ദുരന്തങ്ങള്‍ ആവര്‍ത്തിക്കാതിരിക്കുന്നതിന് മാര്‍ഗനിര്‍ദേശം നല്‍കുമെന്നും മന്ത്രി ആര്‍ ബിന്ദു വ്യക്തമാക്കി.

കൊച്ചി സര്‍വകലാശാലയില്‍ സംഗീത പരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് വിദ്യാര്‍ഥികള്‍ അടക്കം നാലുപേര്‍ മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഓഡിറ്റോറിയങ്ങളുടെ പ്രവര്‍ത്തനത്തില്‍ മാര്‍ഗരേഖ കൊണ്ടുവരുമെന്ന് മന്ത്രി പി രാജീവ് വ്യക്തമാക്കി. കോളജുകളിലെ ഓഡിറ്റോറിയങ്ങള്‍ക്കും ബാധകമാകുന്ന തരത്തിലാണ് മാര്‍ഗരേഖ കൊണ്ടുവരിക. ക്യാംപസിലെ പരിപാടികളില്‍ പൊതുമാര്‍ഗനിര്‍ദേശം വരും. ഉന്നതവിദ്യാഭ്യാസ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് വന്ന ശേഷം ഉചിതമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.

അതേസമയം കുസാറ്റില്‍ സംഗീതനിശയ്ക്ക് അധികൃതര്‍ പൊലീസ് അനുമതി തേടിയിട്ടില്ലെന്ന് ഡിസിപി കെ സുദര്‍ശനന്‍ പറഞ്ഞു. ക്യാംപസിനകത്ത് അനുമതിയില്ലാതെ പൊലീസ് കയറാറില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ പരിപാടിയെ കുറിച്ച് പൊലീസിനെ വാക്കാല്‍ അറിയിച്ചിരുന്നുവെന്നാണ് യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ ഡോ. പി ജി ശങ്കരന്‍ പറഞ്ഞത്. പക്ഷേ ഇത്ര പൊലീസ് വേണമെന്ന് പറഞ്ഞിരുന്നില്ലെന്നും വൈസ് ചാന്‍സലര്‍ വ്യക്തമാക്കി. പരിപാടി തുടങ്ങിയെന്ന് തെറ്റിദ്ധരിച്ച് കുട്ടികളടക്കമുള്ളവര്‍ കൂട്ടത്തോടെ അകത്തേക്ക് കയറിയതാണ് അപകടമുണ്ടാകാനുള്ള കാരണമെന്നും വൈസ് ചാന്‍സിലര്‍ പറഞ്ഞു.

More Stories from this section

family-dental
witywide