കൊച്ചി: കുസാറ്റ് ദുരന്തം വേദനിപ്പിക്കുന്നതെന്ന് ഹൈക്കോടതി. എല്ലാ ജീവനുകളും വിലപ്പെട്ടതാണെന്ന് അഭിപ്രായപ്പെട്ട ഹൈക്കോടതി കുസാറ്റ് സംഭവത്തില്‍ ചില സംവിധാനങ്ങള്‍ക്ക് വീഴ്ച പറ്റിയിട്ടുണ്ടെന്നും ചൂണ്ടിക്കാട്ടി. കുസാറ്റ് ദുരന്തത്തില്‍ ഈ ഘട്ടത്തില്‍ ആരെയും കുറ്റം പറയുന്നില്ല. എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് കണ്ടെത്തണം. സര്‍ക്കാരും സര്‍വകലാശാലയും നടത്തുന്ന അന്വേഷണ റിപ്പോര്‍ട്ട് ഹാജരാക്കാനും കോടതി നിര്‍ദേശം നല്‍കി.
കുസാറ്റ് ദുരന്തത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് കെഎസ് യു നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴായിരുന്നു കോടതിയുടെ പ്രതികരണം. കേരളത്തിലെ സര്‍വകലാശാലയില്‍ തിക്കിലും തിരക്കിലും പെട്ട് ഉണ്ടാകുന്ന ആദ്യ ദുരന്തം എന്ന നിലയില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കണമെന്നാണ് കെഎസ് യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നത്. ഹര്‍ജി വ്യാഴാഴ്ച പരിഗണിക്കാനായി മാറ്റി.