കുസാറ്റ് ദുരന്തം: പൊലീസ് സുരക്ഷ ആവശ്യപ്പെട്ടുള്ള പ്രിൻസിപ്പലിൻ്റെ കത്ത് പുറത്ത്, പ്രിൻസിപ്പലും പുറത്ത്

കൊച്ചി:കുസാറ്റ് ദുരന്തത്തിൽ സർവകലാശലയുടെ വീഴ്ച വ്യക്തമാക്കുന്ന കത്ത് പുറത്ത്. പരിപാടിക്ക് പൊലീസ് സുരക്ഷ ആവശ്യപ്പെട്ട് സ്കൂൾ ഓഫ് എന്‍ജിനീയറിങ് പ്രിൻസിപ്പാൾ റജിസ്ട്രാർക്ക് നൽകിയ കത്താണ് വിവാദമായിരിക്കുന്നത്. കത്തിനെ കുറിച്ചുള്ള സൂചന നിലനിൽക്കെതന്നെ ഇന്നലെ പ്രിൻസിപ്പലിനെ ആ സ്ഥാനത്തു നിന്ന് മാറ്റിയിരുന്നു. സുരക്ഷ ആവശ്യപ്പെട്ടുള്ള കത്ത് ലഭിച്ചിട്ടും റജിസ്ട്രാർ നടപടി എടുത്തില്ല എന്ന ആരോപണം നിലനിൽക്കുന്നു. അച്ചടക്കം ഉറപ്പാക്കുന്നതിനായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെട്ട സമിതിയെ നിയോഗിച്ചിട്ടുണ്ടെങ്കിലും അവിചാരിതമായ അനിഷ്ടസംഭവങ്ങള്‍ ഒഴിവാക്കുന്നതിനായി പൊലീസ് സുരക്ഷ നിര്‍ബന്ധമാണെന്നും അതിനുള്ള നടപടി സ്വീകരിക്കണമെന്നുമാണ് കത്തില്‍ ആവശ്യപ്പെടുന്നത്.

‘ധിഷ്ണ 2023 എന്ന പേരിൽ സ്കൂള്‍ ഓഫ് എന്‍ജിനീയറിങിലെ വിദ്യാർത്ഥികൾ 24,25 തീയതികളിൽ പരിപാടി നടത്തുന്നുണ്ട് എന്നും ആവശ്യത്തിനു പൊലീസ് സുരക്ഷവേണം എന്നും കത്തിൽ ഉണ്ട്‌. ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിലേക്ക് പുറത്ത് നിന്നുള്ളവരും വരാൻ സാധ്യതയുണ്ട്. പ്രശ്‌നങ്ങൾ ഇല്ലാതിരിക്കാനും അപകടങ്ങൾ ഒഴിവാക്കാനുമാണ് ആവശ്യത്തിനു പൊലീസിനെ ഉറപ്പാക്കേണ്ടത്.’ – കത്തിൽ പറയുന്നു.

പ്രിൻസിപ്പൾ നൽകിയ ഈ കത്തിൻമേൽ സർവകലാശാല റജിസ്ട്രാർ വേണ്ട നടപടി സ്വീകരിച്ചില്ല എന്നും പൊലീസിനെ അറിയിച്ചില്ല എന്നുമാണ് ആരോപണം. എന്നാല്‍ കത്തിനെ കുറിച്ച് ചോദിച്ചപ്പോള്‍ വൈസ് ചാന്‍സിലര്‍ പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.

ഇതിനിടെ, അപകടം അന്വേഷിക്കുന്ന മൂന്നംഗ സമിതി കൊച്ചിയിൽ യോഗം ചേർന്നു. കെ കെ കൃഷ്ണകുമാർ, ഡോ ശശി ഗോപാലന്‍, ഡോ ലാലി എന്നിവരാണ് അന്വേഷണ സമിതിയിലുള്ളത്. വെള്ളിയായാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് സമിതിക്ക് നല്‍കിയിരിക്കുന്ന നിർദേശം. അപകടത്തിന്റെ കാരണം മാത്രമല്ല, ഇത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കാന്‍ എന്തൊക്കെ നടപടികള്‍ സ്വീകരിക്കണമെന്നത് സംബന്ധിച്ചുള്ള നിർദേശങ്ങളും അന്വേഷണ സമിതി റിപ്പോർട്ടില്‍ ഉള്‍പ്പെടുത്തും. നിലവില്‍ പോലീസിന്റേയും ഉന്നതവിദ്യാഭ്യാസ വകുപ്പിന്റേയും നേതൃത്വത്തില്‍ സമാന്തരമായി രണ്ട് അന്വേഷണങ്ങളും നടക്കുന്നുണ്ട്.

അപകടത്തിന് പിന്നാലെ സ്കൂള്‍ ഓഫ് എന്‍ജിനീയറിങ് പ്രിന്‍സിപ്പല്‍ ഡോ. ദീപക് കുമാർ സാഹുവിലെ സ്ഥാനത്തുനിന്ന് നീക്കിയതായി വൈസ് ചാന്‍സലന്‍ (വിസി) ഡോ. പി ജി ശങ്കരന്‍ അറിയിച്ചിരുന്നു. അന്വേഷണ കാലയളവില്‍ സ്ഥാനത്തുനിന്ന് മാറി നില്‍ക്കാന്‍ സിന്‍ഡിക്കേറ്റ് ആവശ്യപ്പെടുകയായിരുന്നെന്നും കുസാറ്റ് വിസി അറിയിച്ചു

ധിഷ്ണ എന്ന പരിപാടിയെകുറിച്ച് കൃത്യമായ അറിയിപ്പ് ലഭിച്ചിട്ടില്ല എന്ന് ദുരന്തം ദിവസം തന്നെ പൊലീസ് അറിയിച്ചിരുന്നു. എന്നാല്‍, പരിപാടി നടക്കുന്നത് പൊലീസിന് അറിയമായിരുന്നുവെന്നും സംഭവം നടക്കുമ്പോള്‍ ആറ് പൊലീസുകാര്‍ അവിടെയുണ്ടായിരുന്നുവെന്നുമാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍. ബിന്ദു വ്യക്തമാക്കിയത്.

അതിനിടെ ഉന്നത വിദ്യാഭ്യാസ വകുപ്പ് രൂപീകരിച്ച സമിതിയും സർവകലാശാല സിൻഡിക്കറ്റ് സമിതിയും യോഗം ചേർന്നു. ഇതിനിടെ, കുസാറ്റ് വിസിയെ  അടിയന്തരമായി നീക്കം ചെയ്യണമെന്നും, നാല് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ ടെക് ഫെസ്റ്റിന്‍റെ നടത്തിപ്പിനെ കുറിച്ച് ജുഡീഷ്യൽ  അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ടു സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ ആവശ്യപ്പെട്ടു.

Cusat Tragedy: Principal’s letter to the Registrar requesting for police security is out

More Stories from this section

family-dental
witywide