ചെന്നൈ: തമിഴ്‌നാട്ടിൽ കനത്ത നാശം വിതച്ച് മിഷോങ് ചുഴലിക്കാറ്റ്. മഴക്കെടുതിയിൽ ഇതുവരെ രണ്ട് മരണം റിപ്പോർട്ട് ചെയ്തു. ചെന്നൈ ഇസിആർ റോഡിലുള്ള ചുറ്റുമതിൽ ഇടിഞ്ഞുവീണാണ് രണ്ടുപേർ മരിച്ചത്.
കനത്ത മഴയെ തുടർന്ന് വെള്ളക്കെട്ട് രൂപപ്പെട്ട ചെന്നൈയിൽ റോഡിൽ മുതല ഇറങ്ങിയതായി റിപ്പോർട്ട്. നേർക്കുൻട്രം വിഐടിക്ക് സമീപമാണ് മുതലയെ കണ്ടത്. ഇതിന്റെ വീഡിയോയും ചിത്രവും സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മുതല റോഡിന്റെ ഒരു വശത്ത് നിന്ന് മറുവശത്തേക്ക് പോകുന്നതാണ് വീഡിയോയിലുള്ളത്. കാറിൽ നിന്ന് ആരോ പകർത്തിയ ദൃശ്യമാണിത്.
മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച തീരം തൊടാനിരിക്കെ അതിശക്തമായ മഴയാണ് ചെന്നൈയിൽ തുടരുന്നത്. വടപളനി, താംബരം അടക്കം മിക്കയിടങ്ങളിലെ വീടുകളിലും വെള്ളം കയറി. നെടുങ്കൻട്രം നദി കരകവിഞ്ഞു. സബ് വേകളും അടിപ്പാലങ്ങളും വെള്ളത്തിൽ മുങ്ങി. ചെന്നൈ അടക്കം ആറ് ജില്ലകളിൽ ഇന്ന് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
നിരവധി വിമാനങ്ങളും ട്രെയിനുകളുമാണ് ഇതിനോടകം റദ്ദാക്കി. വെള്ളക്കെട്ട് രൂക്ഷമായതോടെ റോഡ് ഗതാഗതം പൂർണ്ണമായും തടസപ്പെട്ട നിലയിലാണ്. ചെന്നൈയിൽ നിന്നുള്ള 20 വിമാനസർവീസുകളാണ് ഇതുവരെ റദ്ദാക്കിയത്. എട്ടെണ്ണം ബെംഗളൂരുവിലേക്ക് വഴി തിരിച്ചുവിട്ടു. 26 വിമാനങ്ങൾ വൈകി. ചെന്നൈ എയർപോർട്ട് റൺവേയിൽ വെള്ളക്കെട്ട് രൂപപ്പെട്ടതിന്റെ ദൃശ്യങ്ങളും പുറത്തുവന്നു. വിമാനത്താവളം അടച്ചു. വന്ദേഭാരത് അടക്കം ചെന്നൈയിലേക്കുള്ള ആറ് ട്രെയിനുകൾ കൂടി നിലവിൽ റദ്ദാക്കിയിട്ടുണ്ട്. സ്വകാര്യ സ്ഥാപനങ്ങളിൽ വർക്ക് ഫ്രം ഹോം പ്രഖ്യാപിച്ചു. നഗരത്തിൽ മിക്കയിടത്തും വൈദ്യുതി ബന്ധം നിലച്ചു. മദ്രാസ് ഹൈക്കോടതി ഉൾപ്പടെ ചെന്നൈയിലെ എല്ലാ കോടതികളും ഇന്ന് പ്രവർത്തിക്കില്ലെന്ന ഉത്തരവും പുറത്തുവന്നിട്ടുണ്ട്.