
ചെന്നൈ: മിഷോങ് ചുഴലിക്കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തി പ്രാപിച്ച സാഹചര്യത്തില്‍ തമിഴ്‌നാട്ടില്‍ കനത്ത നാശം. ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട കാറ്റ് തീവ്രചുഴലിക്കാറ്റായി ശക്തിപ്രാപിച്ചു. കനത്ത മഴയില്‍ മരിച്ചവരുടെ എണ്ണം നാലായി. ഇ സി ആര്‍ റോഡില്‍ ചുറ്റുമതില്‍ ഇടിഞ്ഞു വീണ് ഉണ്ടായ അപകടത്തില്‍ രണ്ട് ജാര്‍ഖണ്ഡ് സ്വദേശികള്‍ മരിച്ചു. സ്‌കൂട്ടര്‍ യാത്രക്കാരനായ യുവാവ് മരം വീണു മരിച്ചു. ചെന്നൈ ബ്രോഡ്‌വേയില്‍ ദിണ്ടിഗല്‍ സ്വദേശി ഷോക്കേറ്റ് മരിച്ചു.
ചെന്നൈ നഗരത്തില്‍ വെള്ളം കയറിയതോടെ ജനജീവിതം സ്തംഭിച്ചിരിക്കുകയാണ്. വിമാന സര്‍വ്വീസും വിവിധ ട്രെയിനുകളും റദ്ദാക്കി. കനത്ത മഴയില്‍ വെള്ളം കയറിയതോടെ ചെന്നൈ വിമാനത്താവളം അടച്ചു. കേരളത്തില്‍ നിന്നുള്ളത് അടക്കം നിരവധി ട്രെയിനുകള്‍ കൂട്ടത്തോടെ റദ്ദാക്കി. കൊല്ലം -ചെന്നൈ എക്‌സ്‌പ്രെസും (16102) റദ്ദാക്കിയ ട്രെയിനുകളില്‍ ഉള്‍പ്പെടുന്നു.
ചെന്നെയില്‍ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമാക്കി ഡാമുകളും ജലസംഭരണികളും നിറയുകയാണ്. ആറുഡാമുകളുടെ ശേഷി 98 ശതമാനം കവിഞ്ഞതായി ജലവകുപ്പ് അറിയിച്ചുകഴിഞ്ഞു. ദുരിതാശ്വാസ വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ ചെന്നെയില്‍ അടിയന്തര യോഗം ചേര്‍ന്നു. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം താല്‍ക്കാലിമകമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. കൂടുതല്‍ എന്‍ഡിആര്‍എഫ് സംഘത്തെ അയക്കണമെന്ന് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ചെന്നെയിലെ മലയാളികള്‍ക്കായി നോര്‍ക്ക ഹെല്‍പ് ലൈന്‍ തുറന്നു.
ഹെല്‍പ് ലൈന്‍ നമ്പര്‍:
- ഡോ. എവി അനൂപ്: 9176681818,
- കെ.വി.വി.മോഹന്‍: 9444054222,
- എം.പി.അന്‍വര്‍: 9790578608,
- ഷംസുദ്ദീന്‍: 9840402784,
- ശിവദാസന്‍ പിള്ള: 9444467522,
- സജി വര്‍ഗീസ്: 9790857779,
- അനു പി.ചാക്കോ: 9444186238.