ഹൈദരാബാദ്: മിഷോങ് ചുഴലിക്കാറ്റ് ആന്ധ്രാപ്രദേശിലെ നെല്ലൂരിനും മച്‍ലിപട്ടണത്തിനും ഇടയിൽ കരതൊട്ടു. മണിക്കൂറിൽ 110 കിലോമീറ്റർ വേഗത്തിലാണ് കാറ്റടിക്കുന്നത്. ആന്ധ്രാപ്രദേശിലെ തിരുപ്പതി, നെല്ലൂർ, പ്രകാശം, ബപട്‌ല, കൃഷ്ണ, ഗോദാവരി, കൊനസീമ, കാക്കിനട ജില്ലകളില്‍ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. സ്കൂളുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി.
ചുഴലിക്കൊടുങ്കാറ്റ് തീരം തൊട്ടതിന് പിന്നാലെ ആന്ധ്രയിൽ കനത്ത മഴ പെയ്യുകയാണ്. മൂന്നു ദിവസം കനത്ത മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. മുൻകരുതലിന്‍റെ ഭാഗമായി പതിനായിരത്തോളം പേരെയാണ് വിവിധ സ്ഥലങ്ങളിൽ നിന്ന് ഒഴിപ്പിച്ചത്.
ആന്ധ്ര കൂടാതെ, വടക്കൻ തമിഴ്നാട്ടിലും ഒഡീഷയിലും പുതുച്ചേരിയിലുംകനത്ത ജാഗ്രതയാണുള്ളത്. ഒഡീഷ തീരത്തെത്തുന്ന ചുഴലിക്കാറ്റ് ഗജപതി, ഗൻജം, പുരി, ജഗത്സിങ് പൂർ എന്നീ പ്രദേശങ്ങളിൽ പ്രവേശിക്കുമ്പോൾ 35-45 മുതൽ 55 വരെ വേഗത ഉണ്ടായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിച്ചത്. തുടർന്ന് 40-50 മുതൽ 60 കിലോമീറ്റർ വരെ കാറ്റിന്‍റെ വേഗത വർധിക്കാനും സാധ്യതയുണ്ട്.
ചെന്നൈയിൽ മഴയുടെ തീവ്രത കുറഞ്ഞെങ്കിലും വെള്ളക്കെട്ടും ദുരിതവും തുടരുന്നു. ഡാമുകൾ തുറന്നിരിക്കുന്നതിനാൽ നഗരത്തിൽ നിന്ന് വെള്ളം ഇറങ്ങുന്നില്ല. ചെന്നൈ, കാഞ്ചീപുരം, ചെങ്കൽപ്പെട്ട്, തിരുവള്ളൂർ ജില്ലകൾക്ക് ഇന്നും നാളെയും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതൽ ട്രെയിന്‍ സർവീസുകൾ റദ്ദാക്കി. മെട്രോ ട്രെയിൻ സർവീസ് നടത്തും. അതേസമയം, ചെന്നൈ വിമാനത്താവളത്തിന്റെ പ്രവർത്തനം പുനരാരംഭിച്ചു.