
ചെന്നൈ: കനത്ത മഴയ്ക്കിടെ ചെന്നൈയില്‍ മരം കടം പുഴകി വീണ് ബൈക്ക് യാത്രികന്‍ മരിച്ചു. അടയാര്‍ സ്വദേശിയായ 37കാരന്‍ മനോഹരനാണ് മരിച്ചത്. ബൈക്കിന്റെ പിന്‍ സീറ്റ് യാത്രക്കാരനായിരുന്നു മനോഹരന്‍. മഹാത്മഗാന്ധി റോഡിലൂടെ സഞ്ചരിക്കുന്നതിനിടെയായിരുന്നു അപകടം. ബൈക്ക് ഓടിച്ചയാള്‍ക്കും അപകടത്തില്‍ സാരമായി പരിക്കേറ്റിട്ടുണ്ട്. അയാള്‍ സമീപത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്. മനോഹരന്‍ സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചതായി പൊലീസ് പറഞ്ഞു.
മഹാത്മാഗാന്ധി റോഡ് മുതല്‍ അടയാര്‍ എല്‍ബി റോഡ് വരെ മൂന്നടിയോളം ഉയരത്തില്‍ വെള്ളം കയറിയതിനാല്‍ വാഹനഗതാഗതം നിര്‍ത്തിവച്ചിരിക്കുകയാണ്. നഗരത്തിലെ മറ്റ് പല പ്രദേശങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ഈ പ്രദേശത്ത് നിരവധി പേരെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റിയിട്ടുണ്ട്. കടപുഴകി വീണ മരങ്ങള്‍ നീക്കം ചെയ്യാന്‍ ജീവനക്കാരെ വിന്യസിച്ചതായും വെള്ളം വറ്റിക്കാനാവശ്യമായ നടപടികള്‍ സ്വീകരിച്ചതായും കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. ചെന്നൈ നഗരത്തില്‍ പലയിടത്തും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടിരിക്കുകയാണ്.
കനത്ത മഴയെ തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ സംസ്ഥാനത്ത് നാലു ജില്ലകളില്‍ നാളെയും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. മിഷോങ് ചുഴലിക്കാറ്റ് ചൊവ്വാഴ്ച പുലര്‍ച്ചെ കരതൊടുന്ന സാഹചര്യത്തില്‍ ഇന്ന് രാത്രി കൂടി തീവ്രമഴ തുടരുമെന്നാണ് കേന്ദ്രകാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. മഴയുടെ പശ്ചാത്തലത്തില്‍ ചെന്നൈ, തിരുവള്ളൂര്‍, കാഞ്ചീപുരം, ചെങ്കല്‍പട്ട് എന്നീ നാല് ജില്ലകളിലെ സ്വകാര്യ സ്ഥാപനങ്ങളോട് അവരുടെ ജീവനക്കാരെ ചൊവ്വാഴ്ചയും വര്‍ക്ക് ഫ്രം ഹോം ചെയ്യാന്‍ അനുമതി നല്‍കണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെട്ടു.