വയനാട്: സംസ്ഥാനത്ത് വീണ്ടും കർഷക ആത്മഹത്യ. ക്ഷീര കർഷകനായ മാനന്തവാടി കല്ലോടി പുളിഞ്ഞാമ്പറ്റയിലെ പറപ്പള്ളില്‍ തോമസാണ് (ജോയി-58) മരിച്ചത്. കല്ലോടിയിലെ കേരള ഗ്രാമീണ്‍ ബാങ്ക്, മക്കിയാടുള്ള ബാങ്ക് ഓഫ് ബറോഡ, കുടുംബശ്രീ എന്നിവിടങ്ങളിൽ നിന്നും തോമസ് വായ്പ എടുത്തിട്ടുണ്ട്.
വെള്ളിയാഴ്ച വൈകീട്ട് നാലരയോടെ വീടിന് സമീപത്തെ തോട്ടത്തിലെ മരത്തിലാണ് മൃതദേഹം കണ്ടെത്തിയത്. തോമസിന്, മകന്റെ വിദ്യാഭ്യാസ വായ്പയും കുടുംബശ്രീയില്‍ നിന്നും വ്യക്തികളില്‍ നിന്നും വാങ്ങിയ വായ്പയും ഉള്‍പ്പടെ കടബാധ്യതകളുണ്ടായിരുന്നതായി ബന്ധുക്കള്‍ പറഞ്ഞു. മറ്റൊരാളുടെ വായ്പയ്ക്കു ജാമ്യം നിന്നതിന്റെ പേരില്‍ ബാങ്കില്‍ നിന്ന് നോട്ടീസും ലഭിച്ചിരുന്നു. മാനന്തവാടി മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും.
ഭാര്യ ലിസമ്മ. സിജോ, സില്‍ജ എന്നിവര്‍ മക്കളാണ്. ശില്പ, ബിജു എന്നിവര്‍ മരുമക്കളുമാണ്.
കണ്ണൂർ ഇരിട്ടി സ്വദേശി സുബ്രഹ്‌മണ്യൻ എന്ന കർഷകനെ കഴിഞ്ഞ ദിവസം വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. വന്യമൃഗങ്ങളുടെ ശല്യം രൂക്ഷമായതിനാൽ രണ്ട് ഏക്കറിലെ കൃഷി ഉപേക്ഷിച്ച് വാടക വീട്ടിലായിരുന്നു സുബ്രമണ്യൻ്റെ താമസം.