പട്ന: ബിഹാറിലെ പട്നയിലെ മോസിന്‍പൂരില്‍ ദളിത് യുവതിയെ വിവസ്ത്രയാക്കി മർദ്ദിച്ചു. വീണുകിടക്കുന്ന അവരുടെ വായിലേക്ക് മൂത്രമൊഴിക്കുകയുംചെയ്തെന്നു പരാതി. ഇവര്‍ കടമായി വാങ്ങിയ 1500 രൂപയെ ചൊല്ലിയാണ് പ്രശ്നമുണ്ടായത്. പണം തിരികെ കൊടുത്തെന്നും എന്നാല്‍ ഇനിയും തുക വേണമെന്നാവശ്യപ്പെട്ട് പ്രമോദ് സിങ് ,മകന്‍ അൻഷു, മറ്റ് നാലുപേര്‍ എന്നിവര്‍ ചേര്‍ന്ന് ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന് യുവതി പരാതിപ്പെട്ടു.
സാരമായ പരിക്കുകളുമായി 30 വയസ്സുള്ള യുവതി ആശുപത്രിയിൽ ചികിത്സയിലാണ്. പുറത്ത് വരുന്ന വിവരങ്ങളനുസരിച്ച് പ്രമോദ് സിംഗും മകനും മറ്റ് നാലുപേരുമടങ്ങുന്ന സംഘം ദളിത് യുവതിയുടെ വീട്ടിൽ പോയി, സ്ത്രീയെ തങ്ങളുടെ വീട്ടിലേക്ക് തട്ടിക്കൊണ്ടുവന്നു. വിവസ്ത്രയാക്കി ക്രൂരമായി മർദ്ദിക്കുകയും, ശേഷം പ്രമോദ് സിംഗ് തന്റെ മകനോട് യുവതിയുടെ വായിൽ മൂത്രമൊഴിക്കാൻ ആവശ്യപ്പെടുകയുമായിരുന്നു എന്ന് ഇന്ത്യ ടുഡേ റിപ്പോർട്ട് ചെയ്യുന്നു.
യുവതിയെ നഗ്നയാക്കി തെരുവിലൂടെ നടത്തിക്കുമെന്നും ഇവർ ഭീഷണിപ്പെടുത്തി. യുവതി നേരത്തേ തന്നെ ഭീഷണിയുടെ കാര്യം പൊലീസിനെ അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയും ഉണ്ടായില്ല എന്നും യുവതി പറയുന്നു. സംഭവത്തെ തുടർന്ന് യുവതി താമസിക്കുന്ന ഗ്രാമത്തിലെ ജനങ്ങൾ കുറ്റവാളികൾക്കെതിരെ ഉടൻ നടപടി വേണമെന്നാവശ്യപ്പെട്ട് സംഘടിച്ച് കഴിഞ്ഞു. എന്നാൽ കുറ്റവാളികളായ പ്രമോദ് സിങ്ങും മകനും എവിടെയാണെന്ന് കണ്ടെത്താൻ പൊലീസിന് കഴിഞ്ഞിട്ടില്ല.
Dalit woman assaulted, stripped and urinated upon