ന്യൂഡല്‍ഹി: ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിന് പിന്തുണ നല്‍കി മുന്‍ ഗുസ്തി താരം വീരേന്ദര്‍ സിങ്ങും പത്മശ്രീ പുരസ്‌കാരം തിരികെ നല്‍കുന്നു. ഗുസ്തി താരം ബജ്രംഗ് പൂനിയ പത്മശ്രീ പുരസ്‌കാരം തിരിച്ചു നല്‍കിയതിനു പിറകേയാണ് വീരേന്ദര്‍ സിങ്ങും പത്മശ്രീ തിരിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ചത്.
ഒളിമ്പിക്‌സില്‍ ആദ്യമായി ഇന്ത്യയ്ക്കു വേണ്ടി മെഡല്‍ നേടിയ താരമാണ് വീരേന്ദര്‍ സിങ്. ഒരു ഒളിമ്പിക് മെഡല്‍ ജേതാവിന് ലഭിക്കാത്ത നീതി മറ്റുള്ളവര്‍ക്ക് എങ്ങനെ ലഭിക്കുമെന്ന് എല്ലാ രക്ഷിതാക്കളും ആലോചിക്കണമെന്നും രാജ്യത്തിന്റെ മകള്‍ക്കും എന്റെ സഹോദരിക്കും വേണ്ടി ഞാനും പത്മശ്രീ പുരസ്‌കാരം തിരിച്ചേല്‍പ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ മകളും എന്റെ സഹോദരിയുമായ സാക്ഷി മാലിക്കിനെക്കുറിച്ച് തനിക്ക് അഭിമാനമുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിസംബോധന ചെയ്തു വീരേന്ദര്‍ സിങ് ട്വിറ്ററില്‍ കുറിച്ചു. രാജ്യത്തെ മുന്‍ നിരയിലുള്ള താരങ്ങളെല്ലാം അവരുടെ തീരുമാനം അറിയിക്കണമെന്ന് താന്‍ അപേക്ഷിക്കുന്നതായും അദ്ദേഹം കുറിച്ചിട്ടുണ്ട്. സച്ചിന്‍ തെണ്ടുല്‍ക്കര്‍, നീരജ് ചോപ്ര എന്നിവരെ ടാഗ് ചെയ്തു കൊണ്ടാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
ദേശീയ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് ആരോപണ വിധേയനായ ബ്രിജ് ഭൂഷണ്‍ ശരണ്‍ സിങ്ങിന്റെ അനുയായി സഞ്ജയ് സിങ്ങിനെ തെരഞ്ഞെടുത്തതിനു പിന്നാലെയാണ് ഗുസ്തി താരങ്ങള്‍ വീണ്ടും പ്രതിഷേധം തുടങ്ങിയത്. താന്‍ ഗുസ്തിയില്‍ നിന്ന് വിരമിക്കുകയാണെന്ന് സാക്ഷി മാലിക് പ്രഖ്യാപിച്ചതിന്റെ അടുത്ത ദിവസമാണ് ബജ്രംഗ് പൂനിയ തനിക്കു ലഭിച്ച പത്മശ്രീ പുരസ്‌കാരം പ്രധാനമന്ത്രിയുടെ വസതിക്കു മുന്നില്‍ ഉപേക്ഷിച്ചത്.