കൊച്ചി: ആലുവയില്‍ അഞ്ച് വയസ്സുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ വധശിക്ഷ വിധിക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് പ്രതി അസഫാക് ആലം കോടതിയില്‍. മനപരിവര്‍ത്തനത്തിന് അവസരം നല്‍കണമെന്നും തന്റെ പ്രായം കണക്കിലെടുത്ത് ശിക്ഷാ വിധിയില്‍ ഇളവ് നല്‍കണമെന്നും വധ ശിക്ഷ വിധിക്കരുതെന്നുമാണ് പ്രതി കോടതിയില്‍ ആവശ്യപ്പെട്ടത്. പ്രതിയുടെ ശിക്ഷയിന്മേല്‍ എറണാകുളം പോക്‌സോ കോടതിയിലാണ് വാദം തുടരുന്നത്.
അതേസമയം പ്രതി വധശിക്ഷയില്‍ കുറഞ്ഞതൊന്നും അര്‍ഹിക്കുന്നില്ലെന്ന് പ്രൊസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. അഞ്ചു വയസ്സു മാത്രമുള്ള പെണ്‍കുട്ടിയെ ക്രൂരമായി ബലാത്സംഗം ചെയ്ത കൊലപ്പെടുത്തിയതിനു ശേഷം മാലിന്യം വലിച്ചെറിയുന്ന ലാഘവത്തോടെയാണ് പ്രതി ആ ശരീരം മറവു ചെയ്തത്. പ്രതി കൃത്യം നടത്തിയ രീതി അപൂര്‍വങ്ങളില്‍ അപൂര്‍വമാണ്. കൊല്ലപ്പെട്ട അഞ്ചു വയസ്സുകാരി ജനിച്ച വര്‍ഷം ഇതേ പ്രതി മറ്റൊരു കുട്ടിയേയും പീഡിപ്പിച്ചിരുന്നു. പ്രതിക്ക് വധശിക്ഷ തന്നെ നല്‍കണമെന്നും പ്രോസിക്യൂഷന്‍ ആവര്‍ത്തിച്ചു.
വധശിക്ഷ വരെ ലഭിക്കാവുന്ന അഞ്ചു കുറ്റങ്ങള്‍ അടക്കം ഗൗരവസ്വഭാവമുള്ള 16 കുറ്റങ്ങളാണ് അസഫാക് ആലത്തിനെതിരെ കോടതി കണ്ടെത്തിയിട്ടുള്ളത്. കുട്ടികള്‍ക്കെതിരായ ബലാത്സംഗം, പന്ത്രണ്ട് വയസിന് താഴെയുള്ള കുട്ടികള്‍ക്കെതിരായ ബലാത്സംഗം, ആവര്‍ത്തിച്ചുള്ള ബലാത്സംഗം, കൊലപാതകം തുടങ്ങി ആകെ 16 കുറ്റങ്ങള്‍ ചുമത്തി 645 പേജുള്ള കുറ്റപത്രം ആണ് കോടതിയില്‍ സമര്‍പ്പിച്ചത്. കേസില്‍ നൂറാം ദിവസമാണ് കോടതി വിധി പ്രസ്താവിച്ചത്. ഒക്ടോബര്‍ 4നാണ് കേസില്‍ വിചാരണ ആരംഭിച്ചത്. കുറ്റകൃത്യം റിപ്പോര്‍ട്ട് ചെയ്ത് 100 ദിവസത്തിനകം വിധി പറഞ്ഞ കേസുകള്‍ രാജ്യത്തെ നീതിന്യായ ചരിത്രത്തില്‍ തന്നെ അപൂര്‍വമാണ്.
2023 ജൂലൈ 28 നാണ് ബിഹാര്‍ സ്വദേശികളുടെ അഞ്ച് വയസുള്ള പെണ്‍കുട്ടിയെ ആലുവയില്‍ നിന്ന് കാണാതായത്. ജൂലൈ 29 ന് ആലുവ മാര്‍ക്കറ്റിലെ മാലിന്യക്കുമ്പാരങ്ങള്‍ക്കരികില്‍ നിന്നാണ് കുട്ടിയുടെ മൃതദേഹം കണ്ടെടുത്തത്. കുട്ടിയെ കാണാതായ ദിവസം തന്നെ പ്രതി കസ്റ്റഡിയിലായിരുന്നു. കുറ്റം സമ്മതിച്ച അസ്ഫാക്ക് ആലത്തെ കൃത്യം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുത്തിരുന്നു.