മുഖ്യമന്ത്രിയ്ക്ക് നേരെ വീണ്ടും വധഭീഷണി; പ്രതി മാനസികാസ്വാസ്ഥ്യമുള്ളയാളെന്ന് പൊലീസ്

മുഖ്യമന്ത്രി പിണറായി വിജയന് നേരെ വീണ്ടും വധഭീഷണി. പൊലീസ് കണ്‍ട്രോള്‍ റൂം നമ്പറില്‍ വിളിച്ചായിരുന്നു മുഖ്യമന്ത്രിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയത്. തിരുവനന്തപുരം നരുവാമൂട് സ്വദേശിയാണ് വധഭീഷണി മുഴക്കിയത്. കണ്‍ട്രോള്‍ റൂമില്‍ നിന്ന് അറിയിച്ചതു പ്രകാരം നരുവാമൂട് പൊലീസ് നടത്തിയ അന്വേഷണത്തില്‍ പ്രതി പിടിയിലായി. മാനസികാസ്വാസ്ഥ്യമുള്ളയാളാണ് പ്രതിയെന്ന് പൊലീസ് പറഞ്ഞു.

രണ്ടാഴ്ച മുന്‍പും മുഖ്യമന്ത്രിക്ക് നേരെ വധഭീഷണി ഉയര്‍ന്നിരുന്നു. പൊലീസ് ആസ്ഥാനത്ത് വന്ന കോളില്‍ മുഖ്യമന്ത്രി പിണറായി വിജയനെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും മുഖ്യമന്ത്രിയുടെ പേരു പറഞ്ഞ് അസഭ്യവര്‍ഷം നടത്തുകയും ചെയ്തത് ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിയായിരുന്നു. എറണാകുളം സ്വദേശിയായ പന്ത്രണ്ടുവയസ്സുകാരനാണ് മുഖ്യമന്ത്രിയെ കൊല്ലുമെന്ന് വധഭീഷണി മുഴക്കി ഫോണ്‍ ചെയ്തത്. മ്യൂസിയം പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇതിന് പിന്നില്‍ ഏഴാം ക്ലാസുകാരനാണെന്ന് കണ്ടെത്തിയത്.