രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് വീഡിയോ: കേസില്‍ നാല് പേര്‍ പിടിയില്‍

ന്യൂഡല്‍ഹി: നടി രശ്മിക മന്ദാനയുടെ വ്യാജ വീഡിയോ ഓണ്‍ലൈനില്‍ അപ്ലോഡ് ചെയ്ത സംഭവത്തില്‍ ഉള്‍പ്പെട്ട നാല് പ്രതികളെ ഡല്‍ഹിപൊലീസ് പിടികൂടി. അതേസമയം, മുഖ്യ സൂത്രധാരനെ പിടികൂടാനുള്ള തിരച്ചില്‍ തുടരുകയാണെന്നും ഡല്‍ഹി പോലീസ് അറിയിച്ചു..

പിടികൂടിയ നാല് പേരും വീഡിയോ നിര്‍മ്മിച്ചവരല്ലെന്നും അപ്ലോഡ് ചെയ്തവരാണെന്നും തെളിഞ്ഞതായും, കേസിലെ പ്രധാന സൂത്രധാരനെ തിരയുകയാണെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ഫേസ്ബുക്ക്, ഇന്‍സ്റ്റാഗ്രാം, വാട്ട്സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഉടമസ്ഥതയിലുള്ള കമ്പനിയായ മെറ്റ നല്‍കിയ വിശദാംശങ്ങളുടെ അടിസ്ഥാനത്തിലാണ് നാല് പ്രതികളില്‍ മൂന്ന് പേരെ ട്രാക്ക് ചെയ്തത്.

പ്രതികള്‍ അവരുടെ അക്കൗണ്ടുകളില്‍ നിന്ന് വിവരങ്ങള്‍ നീക്കം ചെയ്യുകയും ഇല്ലാതാക്കുകയും ചെയ്തതിനാല്‍ അന്വേഷണത്തിന് തടസ്സം നേരിട്ടിരുന്നു. ഡീപ്‌ഫേക്ക് വീഡിയോകള്‍ ഒരു വ്യാജ ഐഡന്റിറ്റി ഉപയോഗിച്ചാണ് അപ്ലോഡ് ചെയ്തതിനാലും ഒരു വെര്‍ച്വല്‍ പ്രൈവറ്റ് നെറ്റ്വര്‍ക്കിന്റെ (വിപിഎന്‍) ഉപയോഗവും കുറ്റവാളിയെ ട്രാക്ക് ചെയ്യുന്നതില്‍ ബുദ്ധിമുട്ട് സൃഷ്ടിച്ചിരുന്നു.

നടി രശ്മിക മന്ദാനയുടെ ഡീപ്‌ഫേക്ക് എ.ഐ സൃഷ്ടിച്ച വീഡിയോയുമായി ബന്ധപ്പെട്ട് ഡല്‍ഹി പോലീസ് സ്പെഷ്യല്‍ സെല്ലില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ട് ഒരു മാസമായി.

നേരത്തെ, സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ വ്യാപകമായി പ്രചരിച്ച നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോയില്‍ നടപടി ആവശ്യപ്പെട്ട് ഡല്‍ഹി വനിതാ കമ്മീഷനും രംഗത്തെത്തിയിരുന്നു.

നവംബര്‍ 18 ന് എല്ലാ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകള്‍ക്കും ഇത്തരം ഉള്ളടക്കങ്ങള്‍ തിരിച്ചറിയാനും നീക്കം ചെയ്യാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം നല്‍കിയതായി കേന്ദ്ര കമ്മ്യൂണിക്കേഷന്‍സ്, ഇലക്ട്രോണിക്സ്, ഐടി മന്ത്രി അശ്വിനി വൈഷ്ണവ് പറഞ്ഞു.

ഡല്‍ഹി പോലീസ് ഐഎഫ്എസ്ഒ (ഇന്റര്‍നെറ്റ് ഫ്രീഡം ആന്‍ഡ് സേഫ്റ്റി ഫോര്‍ ഓണ്‍ലൈന്‍ ഉപയോക്താക്കള്‍) യൂണിറ്റ് നേരത്തെ മെറ്റയ്ക്ക് (മുമ്പ് ഫേസ്ബുക്ക്) ഒരു കത്ത് അയച്ചിരുന്നുവെങ്കിലും ഡിലീറ്റ് ചെയ്ത അക്കൗണ്ടിന്റെ വിശദാംശങ്ങള്‍ നല്‍കാന്‍ കഴിയില്ലെന്നായിരുന്നു പ്രതികരണം. ഗോഡാഡി വഴിയും സമാനമായ ഒരു പ്രൊഫൈല്‍ ഉണ്ടാക്കിയതിനാല്‍ ഗോഡാഡി (പബ്ലിക് ട്രേഡഡ് ഇന്റര്‍നെറ്റ് ഡൊമെയ്ന്‍ രജിസ്ട്രി) യില്‍ നിന്നുള്ള മറുപടിക്കായി പോലീസ് കാത്തിരിക്കുകയാണെന്ന് വൃത്തങ്ങള്‍ അറിയിച്ചു.

നവംബര്‍ 6 നാണ്, നടി രശ്മിക മന്ദാനയുടെ ഡീപ് ഫേക്ക് വീഡിയോ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ടത്. ഇതോടെ ഡിജിറ്റല്‍ സുരക്ഷയെക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്ക് തുടക്കമായി. നടി രശ്മികയോട് സാമ്യമുള്ള ഒരു സ്ത്രീ കറുത്ത നീന്തല്‍ വസ്ത്രം ധരിച്ച് ലിഫ്റ്റിലേക്ക് കയറുന്നത് വൈറലായ വീഡിയോയില്‍ കാണാം. വീഡിയോ പെട്ടെന്ന് വൈറലാവുകയും നിരവധി സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ ഇത് ഡീപ്‌ഫേക്ക് ആണെന്ന് സ്ഥിരീകരിക്കുകയും ചെയ്തു. പലരും അത് അറിയാതെ ഷെയര്‍ ചെയ്യുകയും ചെയ്തിരുന്നു. അമിതാഭ് ബച്ചനടക്കം ഡീപ് ഫേക്കിനെതിരെ രംഗത്തെത്തിയിരുന്നു. നടി ആലിയ ഭട്ടും സിമ്രനും അടക്കം എ.ഐ ഡീപ് ഫേക്കിന്റെ ഇരകളാണ്.

More Stories from this section

family-dental
witywide