കൊൽക്കത്ത: ഹിന്ദി ഹൃദയഭൂമിയിലെ മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളിലെ കോൺഗ്രസിന്റെ പരാജയം ഇന്ത്യ സഖ്യത്തിനുള്ളിൽ മുറുമുറുപ്പിന് വഴിയൊരുക്കുന്നു. തെരഞ്ഞെടുപ്പിനെ ഒറ്റയ്ക്ക് നേരിടാനുള്ള പ്രധാന പ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിന്റെ തീരുമാനം വോട്ട് വിഭജനത്തിലേക്ക് നയിച്ചതെങ്ങനെയെന്നും ഇത് ബിജെപിക്ക് അനുകൂലമായി എന്നുമാണ് സഖ്യകക്ഷികൾ ചൂണ്ടിക്കാട്ടുന്നത്.
മറ്റ് സഖ്യ കക്ഷികളുമായി സീറ്റ് പങ്കിടാൻ കോൺഗ്രസ് വിമുഖത കാണിച്ചതുകൊണ്ടാണ് തെരഞ്ഞെടുപ്പിൽ തോറ്റതെന്ന് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജി പറഞ്ഞു. ‘ഇത് കോൺഗ്രസിന്റെ തോൽവിയാണ്, ജനങ്ങളുടെയല്ല.’ സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവും കോൺഗ്രസിന്റെ പരാജയത്തെക്കുറിച്ച് പ്രതികരിച്ചു, പ്രാദേശിക പാർട്ടികൾ ബിജെപിക്കെതിരായ പോരാട്ടത്തിന് നേതൃത്വം നൽകണമെന്ന് അഖിലേഷ് നിർദ്ദേശിച്ചു.
“കോൺഗ്രസ് തെലങ്കാനയിൽ വിജയിച്ചു. അവർ മധ്യപ്രദേശ്, ഛത്തീസ്ഗഢ്, രാജസ്ഥാൻ എന്നിവിടങ്ങളിലും വിജയിക്കുമായിരുന്നു. ഇന്ത്യ പാർട്ടികൾ ചില വോട്ടുകൾ ഇല്ലാതാക്കി. ഇതാണ് സത്യം. സീറ്റ് പങ്കുവെക്കുന്നതിനെ കുറിച്ച് അന്നേ ഞങ്ങൾ ചർച്ച ചെയ്തതാണ്. വോട്ടുകൾ വിഭജിച്ചുപോയതിനെ തുടർന്നാണ് അവർ പരാജയപ്പെട്ടത്,” പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി പറഞ്ഞു.
പ്രത്യയശാസ്ത്രമുണ്ടായതുകൊണ്ട് മാത്രം കാര്യമില്ല, തിരഞ്ഞെടുപ്പിൽ വിജയിക്കണമെങ്കിൽ ചില തന്ത്രങ്ങളും അറിഞ്ഞിരിക്കണമെന്ന് മമത പറഞ്ഞു. സീറ്റ് വിഭജിക്കുന്ന രീതിയിൽ ഒരു സമ്പ്രദായമുണ്ടായാൽ 2024ലെ പൊതുതെരഞ്ഞെടുപ്പിൽ ബി.ജെ.പി വിജയിക്കില്ലെന്നും മമത വിലയിരുത്തി.” പ്രതിപക്ഷ പാർട്ടികൾ തെറ്റുകൾ തിരുത്തി ഒന്നിച്ചു നിന്നാൽ അടുത്ത തെരഞ്ഞെടുപ്പിൽ കാര്യമുണ്ടാകും. എന്നാൽ തെറ്റുകൾ തിരിച്ചറിയാൻ നമുക്ക് സാധിക്കണം,”മമത പറഞ്ഞു.