
ലഖ്‌നൗ: ഉത്തർപ്രദേശിലെ മുസാഫർനഗർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിൽ ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതിയെ കോമ്പൗണ്ടർ ബലാത്സംഗം ചെയ്തതായി പരാതി. 22 കാരിയായ യുവതിയുടെ കുടുംബം ആശുപത്രി അധികൃതരോട് പരാതിപ്പെട്ടതിനെ തുടർന്ന് സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.
രാത്രി രോഗികളെല്ലാം ഉറങ്ങിക്കിടക്കുമ്പോഴായിരുന്നു സംഭവം. യുവതി ഉറങ്ങിക്കിടക്കുമ്പോൾ കട്ടിലിനരികിൽ ഒരു കോമ്പൗണ്ടർ നിൽക്കുന്നത് സിസിടിവി ക്ലിപ്പിലുണ്ട്. സംഭവത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന യുവതി വളരെ അവശയായിരുന്നുവെന്ന് ആശുപത്രി ഉടമ പറഞ്ഞു.
എല്ലാ ഡെങ്കിപ്പനി രോഗികളെയും പോലെ അവർ വളരെ ദുർബലയായിരുന്നു, രാത്രി ഉറങ്ങുകയായിരുന്നു. ആശുപത്രിയിലെ കോമ്പൗണ്ടർ ഷോയിബ്, അവർ ഉറങ്ങിക്കിടക്കുമ്പോൾ അനുചിതമായി സ്പർശിച്ചെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ വ്യക്തമായി,” ആശുപത്രി ഉടമ പറഞ്ഞു.
സംഭവത്തിന് പിന്നിൽ താനാണെന്ന് കോമ്പൗണ്ടർ സമ്മതിച്ചതായും അദ്ദേഹം പറഞ്ഞു.
സംഭവത്തിൽ കേസെടുത്ത് കൂടുതൽ അന്വേഷണം നടത്തിവരികയാണെന്ന് സർക്കിൾ ഓഫീസർ ഹേമന്ത് കുമാർ അറിയിച്ചു. പ്രതിക്കെതിരെ നടപടി വേണമെന്ന് യുവതിയുടെ കുടുംബം ആവശ്യപ്പെട്ടു.