ട്രംപിന്റെ പെരുമാറ്റം രാജ്യത്ത് റിപ്പബ്ലിക്കന്‍മാരുടെ തോല്‍വിക്ക് കാരണമാകുമെന്ന് ഡിസാന്റിസ്

ഹൂസ്റ്റൺ: യുഎസ് മുൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിനെ വിമർശിച്ച് ഫ്‌ളോറിഡ ഗവർണർ റോണ്‍ ഡിസാന്റിസ്. ട്രംപിന്റെ പെരുമാറ്റം രാജ്യത്ത് റിപ്പബ്ലിക്കന്‍മാരുടെ തോല്‍വിയില്‍ കലാശിക്കുമെന്ന് ഡിസാന്റിസ് കഴിഞ്ഞ ദിവസം ന്യൂഹാംപ്ഷയര്‍ നല്‍കിയ ടിവി അഭിമുഖത്തില്‍ ആരോപിച്ചു. പ്രസിഡന്റിനെ കുറ്റപ്പെടുത്തി തുടങ്ങിയ അദ്ദേഹം പിന്നീട് ട്രംപിലേക്ക് എത്തുകയായിരുന്നു.

“റിപ്പബ്ലിക്കന്‍മാര്‍ എന്ന നിലയില്‍, നാം അങ്ങനെ പെരുമാറുന്നുവെങ്കില്‍ നമ്മളെ അത് തോല്‍വിയിലേക്ക് തള്ളിവിടും. ഈ രാജ്യത്ത് ബൈഡന്‍ ചെയ്യുന്നത് ഇഷ്ടപ്പെടാത്ത ദശലക്ഷക്കണക്കിന് വോട്ടര്‍മാരുണ്ട്. രാജ്യം ഈ ദിശയില്‍ പോകുന്നത് അവര്‍ ഇഷ്ടപ്പെടുന്നില്ല. എന്നാല്‍ അവര്‍ ഇങ്ങനെ പെരുമാറുന്ന സ്ഥാനാര്‍ത്ഥിയെ പിന്തുണയ്ക്കാന്‍ പോകുന്നില്ല. അതിനാല്‍, നമുക്ക് നന്നായി പെരുമാറാം. ഉയര്‍ന്ന ചിന്താഗതിയുള്ളവര്‍ ആയിരിക്കാം. നമ്മുടെ കുട്ടികള്‍ക്ക് പിന്തുടരാന്‍ നമുക്ക് നല്ല നിലവാരമുള്ളവരാകാം,” ഡിസാന്റിസ് പറഞ്ഞു.

ദേശീയ കടം ഇല്ലാതാക്കും, അതിര്‍ത്തി മതിലിനു വേണ്ടി മെക്‌സിക്കോയില്‍ നിന്ന് പണം ഈടാക്കും തുടങ്ങിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതില്‍ ട്രംപിനോട് തനിക്ക് എതിർപ്പുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി.

2020 തിരഞ്ഞെടുപ്പിനു പിന്നാലെ വോട്ടിങ് രീതി മാറ്റണമെന്ന ട്രംപിന്റെ ആവശ്യം റിപ്പബ്ലിക്കന്‍മാര്‍ക്ക് പൊതുവേ വോട്ടിങിനോട് അവിശ്വാസം ആണെന്ന മട്ടില്‍ പ്രചരിപ്പിക്കുന്നത് ഉചിതമല്ലെന്ന് അദ്ദേഹം പറയുന്നു.

“കോവിഡ് കാലത്ത് സംഭവിച്ച കാര്യങ്ങളാണ് വോട്ടിങ് രീതി മാറ്റുന്നതിന് കാരണമായി പറയുന്നു. അവയില്‍ ചിലത് ഭരണഘടനാവിരുദ്ധമാണ്. അത് നിയമസഭയാണ് ചെയ്യേണ്ടത്. അല്ലാതെ അടിയന്തിര എക്‌സിക്യൂട്ടീവ് ഉത്തരവിലൂടെ നടപ്പാക്കുന്നത് ഉചിതമല്ല,” അയോവയില്‍ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. തിരഞ്ഞെടുപ്പില്‍ ജയിക്കുകയാകണം ‘റിപ്പബ്ലിക്കന്‍ ‘ഫോക്കസ്’ എന്നും ഡിസാന്റിസ് വ്യക്തമാക്കി.