മാനദണ്ഡങ്ങൾ പാലിച്ചില്ല; എയർ ഇന്ത്യയ്ക്ക് പത്ത് ലക്ഷം രൂപ പിഴ ചുമത്തി

ന്യൂഡൽഹി: സിവിൽ ഏവിയേഷൻ റിക്വയർമെന്‍റ് (സി.എ.ആർ) മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി എയർ ഇന്ത്യ എയർലൈൻസിന് 10 ലക്ഷം രൂപ പിഴയിട്ട് ഡ‍യറക്ടർ ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ). ഇത് രണ്ടാംതവണയാണ് എയർ ഇന്ത്യക്ക് മാനദണ്ഡങ്ങൾ പാലിച്ചില്ലെന്ന് കാട്ടി പിഴയീടാക്കുന്നത്.

വിമാനം വൈകുന്ന വേളയിൽ യാത്രക്കാർക്ക് ഹോട്ടൽ സൗകര്യം ഒരുക്കുന്നതിലെ വീഴ്ച, ഗ്രൗണ്ട് സ്റ്റാഫിന് കൃത്യമായ പരിശീലനം നൽകുന്നതിലെ പോരായ്മ, ഇന്‍റർനാഷണൽ ബിസിനസ് ക്ലാസിലെ യാത്രക്കാർക്ക് സേവനത്തിലെ വീഴ്ചക്ക് നഷ്ടപരിഹാരം നൽകുന്നതിലുണ്ടാകുന്ന താമസം തുടങ്ങിയ കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് പിഴയീടാക്കിയത്.

ഡൽഹി, കൊച്ചി, ബംഗളൂരു വിമാനത്താവളങ്ങളിൽ ഡിജിസിഎ പരിശോധന നടത്തിയിരുന്നു. സിവിൽ ഏവിയേഷൻ റിക്വയർമെന്‍റ് (സി.എ.ആർ) മാനദണ്ഡങ്ങൾ എയർ ഇന്ത്യ പാലിക്കുന്നില്ലെന്ന് കാണിച്ച് കമ്പനിക്ക് നവംബർ മൂന്നിന് കാരണം കാണിക്കൽ നോട്ടീസ് നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് പിഴയീടാക്കിയത്. കാരണം കാണിക്കൽ നോട്ടീസിന് നൽകിയ മറുപടിയിൽ, എയർ ഇന്ത്യ സി.എ.ആർ നിർദേശങ്ങൾ പാലിക്കുന്നില്ലെന്ന് കണ്ടെത്തിയതായി ഡിജിസിഎ പ്രസ്താവനയിൽ പറഞ്ഞു.

More Stories from this section

family-dental
witywide