
ലോകം ഉത്സവ സീസണിലേക്ക് ഒരുങ്ങുമ്പോള്‍, നാസ ഒരു സ്പേസ് ക്രിസ്മസ് ട്രീയുടെ അതിശയകരമായ ചിത്രം പുറത്തുവിട്ടിരിക്കുകയാണ്. ഭൂമിക്ക് വെളിയിലുള്ള ക്രിസ്തുമസ് ആഘോഷമെന്ന് പലരും കമന്റ് നല്‍കിയ ചിത്രം യഥാര്‍ത്ഥത്തില്‍ ഒരു കോസ്മിക് ക്രിസ്മസ് ട്രീ പോലെ കാണപ്പെടുന്ന യുവ നക്ഷത്രങ്ങളുടെ ഒരു കൂട്ടമാണ്.
എന്‍.ജി.സി 2264 എന്നറിയപ്പെടുന്ന നക്ഷത്രക്കൂട്ടം ഭൂമിയില്‍ നിന്ന് ഏകദേശം 2,500 പ്രകാശവര്‍ഷം അകലെയുള്ള നമ്മുടെ ക്ഷീരപഥ ഗാലക്‌സിയിലാണുള്ളത്. ക്ലസ്റ്ററിലെ ചില നക്ഷത്രങ്ങള്‍ താരതമ്യേന ചെറുതാണ്, ചിലത് താരതമ്യേന വലുതാണ്. നമ്മുടെ സൂര്യന്റെ പിണ്ഡത്തിന്റെ പത്തിലൊന്ന് മുതല്‍ ഏഴിരട്ടി വരെ വലുപ്പം വരും ഇവയ്ക്ക്.
ഈ സംയോജിത ചിത്രത്തില്‍, ഇമേജ് റൊട്ടേഷനിലൂടെയും വര്‍ണ്ണ തിരഞ്ഞെടുപ്പുകളിലൂടെയും ഒരു ക്രിസ്മസ് ട്രീയുമായുള്ള നക്ഷത്രക്കൂട്ടത്തിന്റെ സാമ്യം വര്‍ദ്ധിപ്പിച്ചിരിക്കുന്നു. ഒപ്റ്റിക്കല്‍ ഡാറ്റയെ പ്രതിനിധീകരിക്കുന്നത് പച്ചനിറത്തിലുള്ള വരകളും ആകൃതികളും ആണ്, ഇത് മരത്തിന്റെ ആകൃതിയിലുള്ള ചില്ലകളും ഇലകളുമൊക്കെപ്പോലെ നമുക്ക് തോന്നും.
ഈ ചിത്രം പകര്‍ത്തിയത് 2021 ഡിസംബര്‍ 25-ന് വിക്ഷേപിച്ച ബഹിരാകാശനിരീക്ഷണ ദൂരദര്‍ശിനിയായ ജയിംസ് വെബ്ബാണ്.
ഈ ചിത്രം പകര്‍ത്തിയത് 2021 ഡിസംബര്‍ 25-ന് വിക്ഷേപിച്ച ബഹിരാകാശനിരീക്ഷണ ദൂരദര്‍ശിനിയായ ജയിംസ് വെബ്ബാണ്. ഒരു മണല്‍ത്തരിയോളം പോന്ന ആകാശഭാഗത്ത് കൂടി വെബ്ബ് ടെലിസ്‌കോപ്പ് പ്രപഞ്ചത്തെ നിരീക്ഷിച്ചപ്പോള്‍ കിട്ടിയ ദൃശ്യങ്ങള്‍, 2500 പ്രകാശവര്‍ഷം അകലെയുള്ള ‘സതേണ്‍ റിങ് നെബുല, ‘സ്റ്റീഫന്‍സ് ക്വിന്‍ടെറ്റ്’ എന്നറിയപ്പെടുന്ന അഞ്ച് ഗാലക്‌സികളുടെ കൂട്ടം തുടങ്ങിയ ചിത്രങ്ങള്‍ ജയിംസ് വെബ്ബ് ഇതിനോടകം നല്‍കിയിട്ടുണ്ട്. ഇവയൊക്കെയും ശാസ്ത്രത്തിന് വലിയ മുതല്‍ക്കൂട്ടാകുന്ന ചിത്രങ്ങള്‍ തന്നെയാണ്.
ഹബിള്‍ ബഹിരാകാശ ദൂരദര്‍ശിനി, സ്പിറ്റ്‌സര്‍ ബഹിരാകാശ ദൂരദര്‍ശിനി എന്നിവയേക്കാള്‍ കൃത്യതയും സംവേദനക്ഷമതയും ഉള്ളതാണ് ജയിംസ് വെബ് ബഹിരാകാശ ദൂരദര്‍ശിനി. ഇതിന്റെ പ്രാഥമിക ദര്‍പ്പണത്തിന്റെ വ്യാസം 6.5 മീറ്റര്‍ ആണ്. ഇതിലെ ഉപകരണങ്ങളും ദര്‍പ്പണവും 50കെല്‍വിനു താഴെ (220°-C)യുള്ള താപനിലയില്‍ സംരക്ഷിച്ചു നിര്‍ത്തുന്നതിനുള്ള സംവിധാനവും ഇതില്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സൂര്യപ്രകാശം നേരിട്ടു തട്ടാത്ത തരത്തില്‍ സൂര്യന്‍ ഭൂമിയുടെ എതിര്‍വശത്തു വരുന്ന തരത്തില്‍ ലഗ്രാന്‍ഷെ പോയന്റ് 2 (L2) ലാണ് ഇത് നിലയുറപ്പിക്കുക.
അതിവിദൂരങ്ങളില്‍ സ്ഥിതിചെയ്യുന്ന പ്രാപഞ്ചികപദാര്‍ത്ഥങ്ങളെ കണ്ടെത്താന്‍ ഇതിനാവും. ആദ്യനക്ഷത്രങ്ങളുടെ ഉത്ഭവവും ആദ്യത്തെ താരാപഥത്തിന്റെ ആവിര്‍ഭാവവും കണ്ടെത്താന്‍ ഇതിനാവുമെന്ന് കരുതപ്പെടുന്നു. മറ്റൊരു ലക്ഷ്യം നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഉത്ഭവത്തെ പറ്റി പഠിക്കുക എന്നതാണ്. നക്ഷത്രരൂപീകരണം നടക്കുന്ന വാതകപടലങ്ങളെ കുറിച്ച് പഠിക്കുക, നക്ഷത്രങ്ങളുടെ ചുറ്റും ചിതറിക്കിടക്കുന്ന പദാര്‍ത്ഥങ്ങളെ കുറിച്ചു പഠിക്കുക, സൗരയൂഥേതര ഗ്രഹങ്ങളുടെ നേരിട്ടുള്ള ചിത്രങ്ങളെടുക്കുക എന്നിവയും ഇതിന്റെ ലക്ഷ്യങ്ങളില്‍ പെടുന്നു.