ആലപ്പുഴ: കാര്‍ഷിക വായ്പ കിട്ടാത്തതിനെത്തുടര്‍ന്ന് കുട്ടനാട്ടില്‍ കര്‍ഷകന്‍ ആത്മഹത്യ ചെയ്തു. തകഴി സ്വദേശി പ്രസാദാണ് (55) ആത്മഹത്യ ചെയ്തത്. കടബാധ്യതയെ തുടര്‍ന്നാണ് മരണമെന്നാണ് പ്രാഥമിക നിഗമനം. കിസാന്‍ സംഘ് ജില്ലാ സെക്രട്ടറി ശിവരാജനോട് വിളിച്ചു പറഞ്ഞ ശേഷമായിരുന്നു പ്രസാദ് ആത്മഹത്യ ചെയ്തത്. ശിവരാജനുമായുള്ള പ്രസാദിന്റ ഫോണ്‍ സംഭാഷണം പുറത്തുവന്നിട്ടുണ്ട്. ഇതില്‍ നിന്നുമാണ് പ്രസാദിന്റെ മരണം ആത്മഹത്യ തന്നെയാണെന്ന് ഉറപ്പിച്ചത്.
കിസാന്‍ സംഘ് ജില്ലാ പ്രസിഡന്റ് കൂടിയാണ് പ്രസാദ്. കൃഷി ആവശ്യത്തിനായുള്ള കാര്‍ഷിക വായ്പക്ക് വേണ്ടി പ്രസാദ് ബാങ്കില്‍ പോയിരുന്നു. എന്നാല്‍ പിആര്‍എസ് വായ്പ കുടിശ്ശികയുള്ളതിനാല്‍ വായ്പ അനുവദിക്കാനാകില്ലെന്ന് ബാങ്ക് അറിയിച്ചു. ഇതോടെ വഴികളെല്ലാം അടഞ്ഞതോടെ പ്രസാദ് ആത്മഹത്യ ചെയ്യുകയായിരുന്നു. അതേസമയം പിആര്‍എസ് കുടിശ്ശിക കര്‍ഷകരെ ബാധിക്കില്ലെന്നും സര്‍ക്കാര്‍ അടക്കുമെന്നുമായിരുന്നു മന്ത്രിമാര്‍ നേരത്തേ പറഞ്ഞുകൊണ്ടിരുന്നത്.