ന്യൂഡല്‍ഹി: പാര്‍ലമെന്റില്‍ വെച്ച് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കറെ തൃണമൂല്‍ കോണ്‍ഗ്രസ് എംപി അനുകരിച്ചതില്‍ വിമര്‍ശിച്ച് രാഷ്ട്രപതി ദ്രൗപദി മുര്‍മു. ഉപരാഷ്ട്രപതി അവഹേളിക്കപ്പെട്ടത് നിരാശപ്പെടുത്തുന്നുവെന്ന് രാഷ്ട്രപതി പ്രതികരിച്ചു. തെരഞ്ഞെടുക്കപ്പെട്ട എംപിമാര്‍ക്ക് സ്വതന്ത്രമായി പ്രതികരിക്കാന്‍ അവകാശമുണ്ടെങ്കിലും അംഗങ്ങളുടെ പെരുമാറ്റം അന്തസ്സും മാന്യവുമായിരിക്കണമെന്ന് രാഷ്ട്രപതി പ്രതികരിച്ചു. പാര്‍ലമെന്റിന്റെ പാരമ്പര്യം അംഗങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുമെന്ന് ജനം പ്രതീക്ഷിക്കുന്നുവെന്നും രാഷ്ട്രപതി ദ്രൗപദി മുര്‍മു പറഞ്ഞു.
പാര്‍ലമെന്റ് സുരക്ഷാവീഴ്ചയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ചതിന്റെ പേരില്‍ പുറത്താക്കപ്പെട്ട എംപിമാര്‍ പാര്‍ലമെന്റിന് പുറത്ത് വട്ടം കൂടിയിരിക്കുന്നതിനിടയിലാണ് തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി ഉപരാഷ്ട്രപതിയെ അനുകരിച്ചത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വന്നിരുന്നു. കല്യാണ്‍ ബാനര്‍ജിയുടെ മോണോ ആക്ട് കണ്ട് മറ്റ് പ്രതിപക്ഷ എംപിമാരെല്ലാം പൊട്ടിച്ചിരിക്കുകയും പ്രോത്സാഹിപ്പിക്കുകയും വീഡിയോയില്‍ കാണാം.
കല്യാണ്‍ ബാനര്‍ജി, ജഗ്ദീപ് ധന്‍കറുടെ വിവിധ ചേഷ്ടകള്‍ അനുകരിക്കുന്നതിന്റെ വീഡിയോ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി പകര്‍ത്തുകയും ചെയ്തിരുന്നു.
സംഭവം വിവാദമായതോടെ കല്യാണ്‍ ബാനര്‍ജിയുടേയും രാഹുലിന്റെയും നടപടിയെ ബിജെപി വിമര്‍ശിച്ചിരുന്നു. ഉപരാഷ്ട്രപതിയെപ്പോലുള്ള വ്യക്തി പാര്‍ലമെന്റില്‍ അവഹേളിക്കപ്പെട്ടത് നിര്‍ഭാഗ്യകരമാണെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. ഇരുപത് വര്‍ഷമായി താന്‍ ഇത്തരം അപമാനങ്ങള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണെന്നും മോദി പറഞ്ഞു.
അതേസമയം കടമ നിര്‍വഹിക്കുന്നതില്‍ നിന്നും, ഭരണഘടനയില്‍ പ്രതിപാദിച്ചിരിക്കുന്ന തത്വങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്നതിലും ചിലരുടെ ഇത്തരം പ്രവര്‍ത്തനങ്ങള്‍ മൂലം താന്‍ പിന്നോട്ടു പോകില്ലെന്ന് ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ പ്രതികരിച്ചു. ആ മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഹൃദയത്തിന്റെ അടിത്തട്ടു വരെ താന്‍ പ്രതിജ്ഞാബദ്ധനാണ്. ഇത്തരം അപമാനങ്ങളൊന്നും തന്റെ വഴി മാറ്റാന്‍ പ്രേരിപ്പിക്കില്ലെന്നും ഉപരാഷ്ട്രപതി എക്സില്‍ കുറിച്ചു.