തിരുവനന്തപുരം: ഡോ. ഷഹന ജീവനൊടുക്കിയ കേസില്‍ അറസ്റ്റിലായ ഡോ. റുവൈസിന്റെ പിതാവ് ഒളിവിലെന്ന് പൊലീസ്. കേസില്‍ റുവൈസിന്റെ പിതാവിനേയും പ്രതി ചേര്‍ത്തിരുന്നു. തുടര്‍ന്ന് ഇയാളെ കസ്റ്റഡിലെടുത്ത് ചോദ്യം ചെയ്യാനായി പൊലീസ് അന്വേഷിക്കുന്നതിനിടെയാണ് ഇയാള്‍ ഒളിവില്‍ പോയത്.
റുവൈസിന്റെ കരുനാഗപ്പള്ളിയിലെ വീട് പൂട്ടിയ നിലയിലാണ്. പൊലീസ് ഇന്നലെ ഇവരുടെ ബന്ധുക്കളുടെ വീട്ടിലുള്‍പ്പെടെ അന്വേഷണം നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഐപിസി 306, 34 വകുപ്പുകള്‍ പ്രകാരം ആത്മഹത്യാ പ്രേരണ കുറ്റം, സ്ത്രീധന നിരോധന നിയമപ്രകാരമുള്ള കുറ്റം എന്നീ വകുപ്പുകള്‍ ചുമത്തിയാണ് മെഡിക്കല്‍ കോളേജ് പൊലീസ് റുവൈസിന്റെ പിതാവിനെ കേസില്‍ പ്രതിചേര്‍ത്തിരിക്കുന്നത്.
വന്‍ തുക സ്ത്രീധനം വാങ്ങാന്‍ റുവൈസിനെ പ്രേരിപ്പിച്ചത് പിതാവാണെന്ന് ഷഹന ആത്മഹത്യാക്കുറിപ്പില്‍ രേഖപ്പെടുത്തിയിരുന്നു. സ്ത്രീധന പ്രശ്‌നത്തെ തുടര്‍ന്ന് വിവാഹം മുടങ്ങിയതിലുള്ള മനോവിഷമത്തിലാണ് ഡോ. ഷഹാന ആത്മഹത്യ ചെയ്തത്. വിവാഹത്തില്‍ നിന്ന് പിന്മാറിയത് പിതാവിന്റെ എതിര്‍പ്പുമൂലമെന്നാണ് റുവൈസ് ഷഹനയുടെ കുടുംബാംഗങ്ങളോട് പറഞ്ഞിരുന്നത്. ഷഹനയുടെ മാതാവും സഹോദരനും ഇക്കാര്യങ്ങള്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.
അവസാന നിമിഷമാണ് ഡോ. റുവൈസും കുടുംബവും വിവാഹത്തില്‍ നിന്ന് പിന്മാറിയത്. വിവാഹ തീയതി ഉള്‍പ്പെടെ ചര്‍ച്ച നടത്തിയിരുന്നു. ആത്മഹത്യ ചെയ്യുകയാണെന്ന് ഡോ. ഷഹന തിങ്കളാഴ്ച രാവിലെ ഡോ. റുവൈസിന് വാട്‌സ്ആപ്പ് സന്ദേശം അയച്ചിരുന്നു. എന്നാല്‍ റുവൈസ് ഷഹനയുടെ നമ്പര്‍ ബ്ലോക്ക് ചെയ്യുകയായിരുന്നു. ഇത് ഷഹനയുടെ മനോനില കൂടുതല്‍ തകര്‍ക്കാന്‍ ഇടയാക്കിയിട്ടുണ്ടെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍. അറസ്റ്റിലാകുന്നതിന് മുമ്പ് ഷഹന അയച്ച സന്ദേശം റുവൈസ് ഡിലീറ്റ് ചെയ്തിരുന്നു. പക്ഷെ കഴക്കൂട്ടം അസി.കമ്മീഷണറുടെ ചോദ്യം ചെയ്യലില്‍ ഷഹന സന്ദേശം അയച്ചിരുന്നതായി റുവൈസ് സമ്മതിച്ചു.