കോഴിക്കോട്: പൊന്നാനിയിലെ മാതൃ-ശിശു ആശുപത്രിയിലായിരുന്നു എട്ടുമാസം പ്രായമായ ഗര്‍ഭിണിക്ക് രക്തം മാറി നല്‍കിയത്. ഒ നെഗറ്റീവ് രക്തം നല്‍കേണ്ടതിന് പകരം ബി പോസറ്റീവ് രക്തമാണ് ഗര്‍ഭിണിക്ക് നല്‍കിയത്. സംഭവത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്കും നേഴ്സിനും ഗുരുതരമായ പിഴവാണ് പറ്റിയതെന്ന് അന്വേഷണത്തില്‍ വ്യക്തമായി. ഇതേ തുടര്‍ന്നാണ് രണ്ട് താല്‍കാലിക ഡോക്ടര്‍മാരെ പിരിച്ചുവിട്ടത്. നേഴ്സിനെ സസ്പെന്റ് ചെയ്യുകയും ചെയ്തു.
പാലപ്പെട്ട് പുതിയിരുട്ടി കഴുകുംതോട്ടത്തില്‍ അസ്ലാമിന്റെ ഭാര്യ റുക്സാനിയക്കാണ് രക്തം മാറി നല്‍കിയത്. രക്തം മാറി ശരീരത്തിലേക്ക് കയറാന്‍ തുടങ്ങിയതോടെ യുവതിക്ക് ശ്വാസ തടസ്സവും അസ്വസ്ഥതകളും ഉണ്ടായി. ഇവരെ പിന്നീട് തൃശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. മെഡിക്കല്‍ കോളേജിലെ പരിശോധനയിലാണ് രക്തം മാറി നല്‍കിയതുകൊണ്ടാണ് യുവതിയുടെ ആരോഗ്യ നില മോശമായതെന്ന് വ്യക്തമായത്.
സംഭവത്തെ തുടര്‍ന്ന് യുവതിയുടെ ബന്ധുക്കളും നാട്ടുകാരും പൊന്നാനി ആശുപത്രിയില്‍ എത്തി പ്രതിഷേധിച്ചു. സംഭവത്തില്‍ ആശുപത്രി അധികൃതര്‍ നടത്തിയ പരിശോധനയിലാണ് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന ഡോക്ടര്‍മാര്‍ക്ക് ഗുരുതരമായ പിഴവ് പറ്റിയെന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോഴത്തെ നടപടി. 15 മില്ലി രക്തം യുവതിയുടെ ശരീരത്തില്‍ കയറിയെങ്കില്‍ ഇപ്പോള്‍ ഇരുപത്തിയാറുകാരിയായ യുവതിയുടെ ആരോഗ്യ സ്ഥിതി ഭേദപ്പെട്ടിട്ടുണ്ടെന്നാണ് മെഡിക്കല്‍ കോളേജ് അധികൃതര്‍ നല്‍കുന്ന വിവരം.
Doctors sacked after giving wrong blood transfusion to pregnant woman