ന്യൂയോർക്ക്: മുൻ യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപിന് 5000 ഡോളർ(4 ലക്ഷം) പിഴ ചുമത്തി അമേരിക്കൻ കോടതി. മാൻഹട്ടൻ കോടതി ജഡ്‌ജി ആർതർ എൻഗോറോൺ ആണ് ശിക്ഷ വിധിച്ചത്. ട്രംപിനെതിരായ കേസ് പരിഗണിക്കുന്ന കോടതിയിലെ ഉദ്യോഗസ്ഥയെപ്പറ്റി നടത്തിയ ആക്ഷേപ പരാമർശങ്ങളുടെ പേരിലാണ് പിഴ. ആക്ഷേപ പരാമർശം സമൂഹ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യാനുള്ള കോടതി വിധി പാലിക്കുന്നതിലുണ്ടായ അശ്രദ്ധയാണ് പിഴ ചുമത്താനുള്ള കാരണം.
ട്രംപിനെതിരെ രൂക്ഷ വിമർശനം നടത്തിക്കൊണ്ടാണ് ജഡ്‌ജി പിഴ ചുമത്തിയത്. ട്രംപിനെ ജയിലിലടക്കാൻ വരെ കഴിയുന്ന കുറ്റമാണിതെന്ന് വിധി പ്രസ്‌താവിക്കവേ കോടതി നിരീക്ഷിച്ചു. ഭാവിയിൽ ഇത്തരം പ്രവൃർത്തികൾ തുടർന്നാൽ കൂടുതൽ കഠിനമായ ശിക്ഷ നടപടികൾക്ക് വിധേയനാക്കുമെന്നും അത് തടവ് ശിക്ഷ വരെയാകാമെന്നും ജഡ്‌ജി മുന്നറിയിപ്പ് നൽകി. തത്‌കാലം കോടതിയലക്ഷ്യ കുറ്റം ചുമത്തുന്നില്ലെന്നും ജഡ്‌ജി വ്യക്തമാക്കി.
തനിക്കെതിരായ സിവിൽ തട്ടിപ്പ് കേസ് പരിഗണിക്കുന്ന കോടതിയിലെ ജഡ്‌ജിയുടെ ഗുമസ്‌തയെ തൻ്റെ സ്വന്തം സമൂഹ മാധ്യമമായ ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് അവഹേളിച്ചിരുന്നു. റിപ്പബ്ലിക്കൻ പാർട്ടിക്കാരനായ ട്രംപ്, സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമറിനൊപ്പമുള്ള ഗുമസ്‌തയുടെ ചിത്രം ട്രൂത്ത് സോഷ്യലിൽ പങ്കുവച്ചിരുന്നു. ഇതോടൊപ്പം ഗുമസ്‌ത ചക്ക് ഷൂമറിന്‍റെ കാമുകിയിയാണെന്നും ട്രംപ് പരിഹസിച്ചു.
ആക്ഷേപ പോസ്റ്റ് ഇട്ടതിന് പിന്നാലെ ട്രംപിനെതിരെ ഗാഗ് ഓർഡർ പുറപ്പെടുവിച്ച കോടതി ഈ പോസ്റ്റ് ഉടൻ നീക്കം ചെയ്യാനും നിർദേശിച്ചിരുന്നു. എന്നാൽ ട്രംപ് ഇത് നീക്കം ചെയ്യുന്നതിൽ വീഴ്‌ച വരുത്തുകയായിരുന്നു. പോസ്റ്റ് ട്രൂത്ത് സോഷ്യലിൽ നിന്ന് നീക്കം ചെയ്‌തെങ്കിലും അദ്ദേഹത്തിന്‍റെ വെബ്‌സൈറ്റായ donaldjtrump.com-ൽ രണ്ടാഴ്‌ചയിലേറെ ഇത് നീക്കം ചെയ്യാതെ നിലനിർത്തി. പിന്നീട് കോടതിയിൽ നിന്ന് ഇ മെയിൽ വഴി നിർദേശം നൽകിയതിനുശേഷം മാത്രമാണ് ഈ പോസ്റ്റ് ട്രംപിന്‍റെ വെബ്‌സൈറ്റിൽ നിന്ന് നീക്കം ചെയ്‌തത്.
അതേസമയം കോടതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകിയ ട്രംപിന്‍റെ അഭിഭാഷകൻ ക്രിസ്റ്റഫർ കിസ് നിയമലംഘനം മനപൂർവമല്ലെന്ന് ചൂണ്ടിക്കാട്ടുകയും ട്രംപിനു വേണ്ടി ക്ഷമാപണം നടത്തുകയും ചെയ്‌തു. പോസ്റ്റ് സോഷ്യൽ മീഡിയയിൽ നിന്ന് നീക്കം ചെയ്‌ത ട്രംപിന്‍റെ സഹായികൾ അത് പ്രചാരണ വെബ്‌സൈറ്റിൽ നിന്ന് നീക്കംചെയ്യാൻ മറന്നതാണെന്നും അഭിഭാഷകൻ കോടതിയെ ബോധിപ്പിച്ചു. ഇതോടെ ജഡ്‌ജി ശിക്ഷ പിഴയിൽ മാത്രം ഒതുക്കുകയായിരുന്നു.