ലാസ് വേഗാസ്: ഞാൻ പ്രസിഡൻ്റായാൽ ഒന്നാമത്തെ ദിവസം മുതൽ തന്നെ ഒരറ്റ മുസ്ലിം ഭീകരനെയും അമേരിക്കയിൽ കാലുകുത്താൻ സമ്മതിക്കില്ല… യുഎസ് മുൻ പ്രഡിഡൻ്റും അടുത്ത റിപ്പബ്ളിക്കൻ പ്രസിഡൻ്റ് സ്ഥാനാർഥിയുമായ ഡോണൾഡ് ട്രംപിൻ്റെ ഈ വാക്കുകൾ സദസ്സിലുള്ളവരുടെ വൻ കയ്യടി നേടി. ലാസ് വേഗാസിലെ റിപ്പബ്ലിക്കൻ ജൂതന്മാരുടെ ഒരു മീറ്റിങ്ങിനിടെയാണ് ട്രംപിൻ്റെ മുസ്ലിം വിരുദ്ധത കൊടുമുടി കയറിയത്.
2017 ൽ ട്രംപ് പ്രസിഡൻ്റായി അധികം വൈകാതെ തന്നെ ചില മുസ്ലിം രാജ്യങ്ങളിൽ നിന്നുള്ള പൌരന്മാർക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിരുന്നു. ഇറാൻ, ലിബിയ, സോമാലിയ, സിറിയ, യെമൻ, ഇറാഖ്, സുഡാൻ തുടങ്ങിയ രാജ്യങ്ങളിലെ പൌരന്മാർക്കായിരുന്നു യാത്രാവിലക്ക് ഏർപ്പെടുത്തിയത്. പിന്നീട് ബൈഡൻ വന്നപ്പോൾ ഇത് എടുത്തുമാറ്റിയിരുന്നു.
ഇസ്രയേൽ – പലസ്തീൻ യുദ്ധത്തിൽ ഇസ്രയേലിനുള്ള അചഞ്ചലമായ പിന്തുണ സമ്മേളനത്തിൽ പങ്കെടുത്ത എല്ലാ റിപ്പബ്ലിക്കൻ നേതാക്കളും ഉറപ്പാക്കി. മറ്റാരും ഇതുവരെനൽകാത്ത തരത്തിലുള്ള പിന്തുണ ഇസ്രയേലിനു താൻ നൽകുമെന്ന് ട്രംപ് വ്യക്തമാക്കി. ഇപ്പോൾ നടക്കുന്ന യുദ്ധം സഭ്യതയും കാടത്തവും തമ്മിലും നന്മയും തിന്മയും തമ്മിലും മര്യാദയും നികൃഷ്ടതയും തമ്മിലുള്ള യുദ്ധമാണ്…. ട്രംപിൻ്റെ വാക്കുകൾ വലിയ ആവേശത്തോടെയാണ് സദസ്സ് ഏറ്റെടുത്തത്.
ഇസ്രയേൽ കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ജൂതന്മാർ ഉള്ളത് യുഎസിലാണ്. തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടുകൊണ്ടായിരുന്നു ട്രംപിൻ്റെ പ്രസംഗം എന്നു വ്യക്തം.
അമേരിക്കയിലെ കോളജുകളിൽ വ്യാപകമായി സെമിറ്റിക് വിരുദ്ധത നിലനിൽക്കുന്നുണ്ടെന്നും ഇത് പ്രചരിപ്പിക്കുന്ന വിദേശ വിദ്യാർഥികളെ നാടുകടത്തണമെന്നുമാണ് സമ്മേളനത്തിൽ ഉയർന്നു വന്ന മറ്റൊരു വാദം.
Donald Trump promised the reimposition of a travel ban that targeted Muslim countries if he gets re-elected.