ന്യൂഡൽഹി ∙ അദാനി ഗ്രൂപ്പുമായി സംശയകരമായ ഇടപാടുകൾ ഉണ്ടെന്ന ഹിൻഡൻബർഗ് റിപ്പോർട്ടിനെ വിശ്വാസിലെടുക്കാൻ തങ്ങൾക്ക് കഴിയില്ല എന്ന് സുപ്രീം കോടതി. അദാനി സംശയകരമായ ഇടപാടുകൾ നടത്തിയെന്ന ഹിൻഡൻബർഗ് റിപ്പോർട്ട് അന്വേഷിക്കാൻ പ്രത്യേക സമിതി വേണമെന്ന് ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു കോടതി.
അദാനിയുടെ ഇടപാടുകളിൽ പരാതി ലഭിച്ചതിനെ തുടർന്ന് സെബിയും ഒരു വിദഗ്ധ സമിതിയും അന്വേഷണം നടത്തുണ്ട്.
ഈ രണ്ട് അന്വേഷണങ്ങളും വിശ്വാസയോഗ്യമല്ല എന്നാണ് ഹർജിക്കാരിയായ അനാമിക ജയ്സ്വാളിന്റെ വാദം. എന്നാൽ സുപ്രീംകോടതി ഇത് നിഷേധിച്ചു. നിയമപരമായി സ്ഥാപിക്കപ്പെട്ട സെബിയെ സംശയിക്കുന്നത് എങ്ങനെ എന്ന് കോടതി ചോദിച്ചു. തെളിവുകൾ ഇല്ലാതെ വിദഗ്ധ സമിതിയുടെ നിക്ഷ്പക്ഷത എങ്ങനെ ചോദ്യംചെയ്യാൻ കഴിയുമെന്നും കോടതി ചോദിച്ചു.
അദാനിഗ്രൂപ്പിന് എതിരായ ഹിൻഡെൻബെർഗ് വെളിപ്പെടുത്തലുകളിൽ കോടതി മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള പൊതുതാൽപ്പര്യ ഹർജികൾ സുപ്രീംകോടതി വിധി പറയാൻ മാറ്റി. ഓഹരി വിപണിയിലെ നിയന്ത്രണസംവിധാനങ്ങൾ ശക്തിപ്പെടുത്താനുള്ള ശുപാർശകൾ നൽകാൻ സുപ്രീംകോടതി മാർച്ചിൽ വിദഗ്‌ധസമിതി രൂപീകരിച്ചിരുന്നു. ഹിൻഡെൻബെർഗ് വെളിപ്പെടുത്തലുകളിൽ സെബി നടത്തുന്ന അന്വേഷണം എത്രയുംവേഗം പൂർത്തിയാക്കാനും നിർദേശിച്ചിരുന്നു.
വെള്ളിയാഴ്‌ച ഹർജിക്കാർക്കുവേണ്ടി ഹാജരായ അഡ്വ. പ്രശാന്ത്‌ഭൂഷൻ സെബി അന്വേഷണം വിശ്വാസ്യയോഗ്യമല്ലെന്ന് വാദിച്ചു. ഹിൻഡെൻബെർഗ് റിപ്പോർട്ടിൽ പറയുന്ന കാര്യങ്ങൾ 2014ൽ തന്നെ ഡിആർഐ സെബിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു. എന്നാൽ, ഒരന്വേഷണവും ഉണ്ടായില്ല. ഓഹരി വിപണിയുടെ നിയന്ത്രണസംവിധാനം ശക്തിപ്പെടുത്താനുള്ള ശുപാർശ നൽകാൻ രൂപീകരിച്ച വിദഗ്‌ധസമിതി അംഗങ്ങളിൽ പലർക്കും അദാനിഗ്രൂപ്പുമായി അടുത്ത ബന്ധമുണ്ടെന്നും അദ്ദേഹം ആരോപിച്ചു.
എന്നാൽ, ഈ ആരോപണങ്ങൾ പൂർണമായും അംഗീകരിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് പ്രതികരിച്ചു. വെറും ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ സെബിയോട് നിങ്ങളുടെ അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് പരമോന്നത കോടതിക്ക് പറയാനാകില്ലെന്നും ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.
Don’t have to treat Hindenburg report Against Adani as a statement of truth says SC