ഫ്ളോറിഡ: മണിക്കൂറിൽ 120 കിമി. വേഗതയുള്ള കാറ്റുമായി ക്യൂബയിൽ നിന്ന് നീങ്ങുന്ന ‘ഇഡാലിയ’ ഇന്ന് ഫ്ലോറിഡയിൽ നിലം തൊടുന്നത് കാറ്റഗറി 4 തീവ്രതയിലാകുമെന്ന് പ്രവചനം. ഇതിനെത്തുടർന്ന് ഫ്ലോറിഡയിലെ ടാമ്പ നഗരത്തിലും സമീപ പ്രദേശങ്ങളിലും കനത്ത ജാഗ്രതയും തയ്യാറെടുപ്പുകളുമാണ് നടത്തുന്നത്. കടല്‍ പ്രക്ഷുബ്ധമാകും. ടാമ്പ നഗരത്തിലും സമീപ പ്രദേശങ്ങളിലും ഏത് സാഹചര്യത്തെയും നേരിടാനുള്ള തയ്യാറെടുപ്പുകള്‍ തുടങ്ങി. ഫ്ലോറിഡയിലെ 67 കൗണ്ടികളിൽ 28 ഇടങ്ങളിലുള്ളവരെയാണ് ഒഴിപ്പിച്ചത്. പ്രധാനമായും താഴ്ന്ന പ്രദേശങ്ങളിലുള്ളവരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ഫ്ലോറിഡയിൽ ഗവർണർ റോൺ ഡിസാന്‍റിസ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.
വെള്ളപ്പൊക്കത്തിനും നാശനഷ്ടത്തിനും സാധ്യതയുള്ളതിനാല്‍ ഫ്ലോറിഡ ഭരണകൂടം കനത്ത ജാഗ്രതാനിര്‍ദേശം നൽകിയിട്ടുണ്ട്. 30000 ദുരന്ത നിവാരണ സംഘാംഗങ്ങളെയാണ് ഫ്ലോറിഡയിൽ വിന്യസിച്ചിരിക്കുന്നത്.
കരയിലേക്ക് ആഞ്ഞടിക്കുന്നതിന് മുമ്പ് ചുഴലിക്കാറ്റിന്‍റെ ശക്തി കൂടുമെന്ന് മിയാമി ആസ്ഥാനമായുള്ള നാഷണല്‍ ഹരികെയിന്‍ സെന്‍റര്‍ മുന്നറിയിപ്പ് നല്‍കി. കൊടുങ്കാറ്റ് അത്യന്തം അപകടകരമായ കാറ്റഗറി 4 തീവ്രതയിൽ എത്തുമെന്നാണ് പ്രവചനം. മണിക്കൂറില്‍ 209 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്ന് ഹരികെയിന്‍ സെന്‍റര്‍ മുന്നറിയിപ്പ് നല്‍കി.
ഇഡാലിയ ഓഗസ്റ്റ് 28നാണ് ശക്തി പ്രാപിച്ച് തുടങ്ങിയത്. ക്യൂബയില്‍ നിന്ന് നീങ്ങി ഫ്ലോറിഡയില്‍ നിലം തൊടാനിരിക്കവേ, വെള്ളപ്പൊക്കമുണ്ടാകാൻ സാധ്യതയുള്ള കുയാഗ്വാട്ടെജെ നദീ തീരത്ത് പ്രത്യേക ശ്രദ്ധയാണ് പുലർത്തുന്നത്. ഫ്ലോറിഡ്ക്കു പുറമെ ജോര്‍ജിയ, സൌത്ത് കരോലിന എന്നീ സംസ്ഥാനങ്ങളിലുള്ളവര്‍ക്കും ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്.