നവംബർ 19 ന് എയർ ഇന്ത്യയിൽ യാത്ര ചെയ്യരുത്, ചെയ്താൽ…; ഭീഷണിയുമായി ഖലിസ്ഥാൻ നേതാവ്

ന്യൂ‍ഡൽഹി∙ ഈ മാസം 19ന് എയർ ഇന്ത്യ വിമാനത്തിൽ യാത്ര ചെയ്യുന്നവരുടെ ജീവൻ അപകടത്തിലാകുമെന്ന് ഖലിസ്ഥാൻ വിഘടനവാദി നേതാവ് ഗുർപത്വന്ത് സിങ് പന്നുന്റെ പുതിയ ഭീഷണി സന്ദേശം സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നു.

‘‘നവംബർ 19ന് എയർ ഇന്ത്യയിൽ യാത്ര ചെയ്യരുതെന്ന് ഞങ്ങൾ സിഖ് ജനതയോട് ആവശ്യപ്പെടുന്നു. ആഗോളതലത്തിൽ ഉപരോധം ഉണ്ടാകും. നവംബർ 19ന് എയർ ഇന്ത്യയിൽ യാത്ര ചെയ്താൽ നിങ്ങളുടെ ജീവൻ അപകടത്തിലാകും,’’ പന്നുൻ വിഡിയോയിൽ പറഞ്ഞു.

ഡൽഹിയിലെ ഇന്ദിരാ ഗാന്ധി രാജ്യാന്തര വിമാനത്താവളം നവംബർ 19ന് അടച്ചിടുമെന്നും അതിന്റെ പേരു മാറ്റുമെന്നും പന്നുൻ അവകാശപ്പെട്ടു. ഇന്ത്യയിൽ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിന്റെ ഫൈനൽ നടക്കുന്ന ദിവസമാണ് നവംബർ 19 എന്നും പന്നുൻ ഓർമിപ്പിച്ചു.

ഇസ്രയേൽ-പലസ്തീൻ യുദ്ധത്തിൽനിന്ന് പഠിച്ചില്ലെങ്കിൽ ഇന്ത്യയിലും സമാനമായ ‘പ്രതികരണം’ ഉണ്ടാകുമെന്ന് കഴിഞ്ഞ മാസം 10ന് പുറത്തുവിട്ട വിഡിയോയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പന്നുൻ ഭീഷണിപ്പെടുത്തിയിരുന്നു. ‘‘പഞ്ചാബ് മുതൽ പലസ്തീൻ വരെയുള്ള നിയമവിരുദ്ധ അധിനിവേശങ്ങളുടെ ഇരകൾ പ്രതികരിക്കും. അക്രമം അക്രമത്തിനു കാരണമാകുന്നു.’’ പന്നുൻ മുൻപത്തെ വിഡിയോ സന്ദേശത്തിൽ പറഞ്ഞു.

More Stories from this section

family-dental
witywide