ഓസ്റ്റിന്‍: അപകടങ്ങളുണ്ടാകുമ്പോള്‍ ഡോറുകള്‍ ഓട്ടോമാറ്റിക്കായി അണ്‍ലോക്കാകുന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിനെത്തുടര്‍ന്ന് ടെസ്ല കമ്പനി തങ്ങളുടെ 120,000-ലധികം വാഹനങ്ങള്‍ തിരിച്ചുവിളിക്കുന്നു. അപകടസമയത്ത് അണ്‍ലോക്കാകുന്ന ഡോറുകള്‍ അപകടസാധ്യത വര്‍ദ്ധിപ്പിക്കുമെന്ന് സുരക്ഷാ റെഗുലേറ്റര്‍മാര്‍ നിര്‍ദ്ദേശം നല്‍കിയ സാഹചര്യത്തിലാണ് തീരുമാനം.
നിര്‍മ്മാണത്തിലെ അപാകതയാണ് ഇത്തരമൊരു സുരക്ഷാ വീഴ്ചയുണ്ടാകാന്‍ കാരണമായത്. കാറുകള്‍ തിരിച്ചു വിളിക്കുന്നതിന് ടെസ്ല ഓവര്‍-ദി-എയര്‍ (OTA) സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് പുറത്തിറക്കി. ഇതു സംബന്ധിച്ച അറിയിപ്പ് വാഹന ഉടമകള്‍ക്ക് 2024 ഫെബ്രുവരി 17-നകം മെയില്‍ ചെയ്യപ്പെടും. നാഷണല്‍ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷന്‍ (NHTSA) ഫയലിംഗ് പ്രകാരം, യുണൈറ്റഡ് സ്റ്റേറ്റ്സിലെ 2021-2023 മോഡല്‍ S, X വാഹനങ്ങളെയാണ് ഈ തകരാര്‍ ബാധിച്ചിരിക്കുന്നത്.
ഡിസംബര്‍ 6 ന് നടന്ന ഒരു പതിവ് ക്രാഷ് ടെസ്റ്റിനിടെയാണ് തങ്ങള്‍ ഈ പ്രശ്നത്തെക്കുറിച്ച് ആദ്യം അറിഞ്ഞതെന്നും എന്നാല്‍ ഇതു സംബന്ധിച്ച് ഇതുവരെ പരാതികള്‍ ലഭിച്ചിട്ടില്ലെന്നും ടെസ്ല അധികൃതര്‍ പറഞ്ഞു. 1-877-798-3752 എന്ന നമ്പറില്‍ ടെസ്ല ഉപഭോക്തൃ സേവനവുമായി ബന്ധപ്പെടാവുന്നതാണ്.