നോർത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസന എപ്പിസ്കോപ്പായായി ഡോ. എബ്രഹാം മാർ പൗലോസിനെ നിയമിച്ചു

ന്യൂയോർക്ക് ∙ നോർത്ത് അമേരിക്ക, യൂറോപ്പ് ഭദ്രാസന എപ്പിസ്‌കോപ്പയായി ഡോ. എബ്രഹാം മാർ പൗലോസിനെ നിയമിച്ചതായി സഭാ സെക്രട്ടറി ഡോ എബി ടി മാമ്മൻ അച്ചൻ അറിയിച്ചു. 2024 ജനുവരിയിൽ നോർത്ത് അമേരിക്ക, യൂറോപ്പ് ഭദ്രാസനത്തിന്റെ ചുമതലയിൽ പ്രവേശിക്കും ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ. മാർത്തോമ്മാ സഭയെ പ്രതിനിധീകരിച്ച് ഡബ്ല്യുസിസി എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗം കൂടിയാണ്. ഇപ്പോൾ തിരുമേനി അടൂർ ഭദ്രാസന ബിഷപ്പായി സേവനം അനുഷ്ഠിച്ചുവരുന്നു. നോർത്ത് അമേരിക്ക, യൂറോപ്പ് ഭദ്രാസനാധിപനായി ചുമതല നിർവഹിക്കുന്ന ഡോ.ഐസക് മാർ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പയെ തിരുവനന്തപുരം – കൊല്ലം ഭദ്രാസനാ എപ്പിസ്‌കോപ്പയായി നിയമിച്ചു.

കോട്ടയം മാങ്ങാനം സെന്റ് പീറ്റേഴ്‌സ് മാർത്തോമ്മാ ഇടവകയിലെ കാഞ്ഞിരത്തറ കെ.സി.ഉതുപ്പിന്റെയും സോസമ്മയുടെയും മകനായി 1953 ഓഗസ്റ്റ് 16-ന് റവ. ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ (റവ. ഡോ. കെ. യു. എബ്രഹാം) ജനിച്ചു. 1980 മെയ് 31-ന് ശെമ്മാച്ചനായും 1980 ജൂൺ 28 ന് കസീസ്സയായും അഭിഷിക്തനായി.തിരുമേനി ന്യൂജഴ്‌സിയിലെ പ്രിൻസ്റ്റൺ തിയോളജിക്കൽ സെമിനാരിയിലും ബോസ്റ്റൺ യൂണിവേഴ്‌സിറ്റിയിലും ഉന്നതപഠനം നടത്തി, ക്രിസ്ത്യൻ വിദ്യാഭ്യാസത്തിൽ ഡോക്ടറേറ്റ് നേടി. അഖില കേരള ബാലജന കൂട്ടായ്മയിലൂടെ ചെറുപ്പം മുതലേ തിരുമേനി പൊതുപ്രവർത്തനരംഗത്ത് സജീവമായിരുന്നു.

മികച്ച വാഗ്മിയും പണ്ഡിതനുമായ തിരുമേനി കുട്ടികളുടെയും യുവാക്കളുടെയും സുഹൃത്ത് മാത്രമല്ല, ചെങ്ങന്നൂർ – മാവേലിക്കര ഭദ്രാസനത്തിലും , തിരുവനന്തപുരം – കൊല്ലം, മുംബൈ ഭദ്രാസന തലവനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നോർത്ത് അമേരിക്ക, യൂറോപ്പ് മാർത്തോമ്മാ ഭദ്രാസനത്തിന്റെ ആത്മീകവും ഭൗതീകവുമായ വളർച്ചയിൽ തിരുമേനിയുടെ നിയമനം കൂടുതൽ ഊർജം പകരും.