‘ഏറെ നാളായി ആഗ്രഹിച്ചതാണ്, ഞാന്‍ പോകുന്നു’; ഡോ. എം കുഞ്ഞാമന്റെ സംസ്‌കാരം ഇന്ന്

തിരുവനന്തപുരം: കഴിഞ്ഞ ദിവസം അന്തരിച്ച പ്രമുഖ സാമ്പത്തിക വിദഗ്ധനും അധ്യാപകനും ദളിത് ചിന്തകനുമായ ഡോ. എം കുഞ്ഞാമന്റെ സംസ്‌കാരം ഇന്ന്. വൈകീട്ട് മൂന്നുമണിക്ക് തിരുവനന്തപുരം ശാന്തി കവാടത്തിലാണ് സംസ്‌കാരം. ഞാന്‍ ഈ ലോകത്ത് നിന്ന് പോകുന്നുവെന്നും എന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലെന്നും കുറിപ്പെഴുതി വെച്ച് ഇന്നലെയാണ് ഡോ. കുഞ്ഞാമന്‍ ആത്മഹത്യ ചെയ്തത്. തിരുവനന്തപുരം ശ്രീകാര്യത്തെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

സുഹൃത്തുക്കളോട് ഞായറാഴ്ച വീട്ടിലെത്താന്‍ അദ്ദേഹം ആവശ്യപ്പെട്ടിരുന്നു. വിളിച്ചിട്ട് ഫോണെടുക്കാത്തതിനെത്തുടര്‍ന്ന് വീട്ടില്‍ വന്ന സുഹൃത്തുക്കളാണ് കുഞ്ഞാമനെ മരിച്ച നിലയില്‍ കണ്ടെത്തിയതും. ഭാര്യ രോഹിണി ചികിത്സാ സംബന്ധമായി മലപ്പുറത്തായതിനാല്‍ ഇദ്ദേഹം വീട്ടില്‍ തനിച്ചായിരുന്നു. 74 വയസ്സായിരുന്നു. ഞായറാഴ്ച കുഞ്ഞാമന്റെ ജന്മദിനം കൂടിയായിരുന്നു. പാലക്കാട് ജില്ലയിലെ വാടാനംകുറിശ്ശിയില്‍ 1949 ഡിസംബര്‍ മൂന്നിനാണ് എം കുഞ്ഞാമന്‍ ജനിച്ചത്.

താന്‍ അനുഭവിച്ച ജാതിവിവേചനങ്ങളെക്കുറിച്ച് തുറന്നെഴുതിയ എതിര്‍ എന്ന ആത്മകഥയ്ക്ക് 2021ലെ കേരള സാഹിത്യ അക്കാദമി പുരസ്‌കാരം ലഭിച്ചുവെങ്കിലും അദ്ദേഹമത് നിരസിക്കുകയായിരുന്നു. 1974ല്‍ കാലിക്കറ്റ് സര്‍വ്വകലാശാലയില്‍ നിന്ന് ഒന്നാം റാങ്കോടെയാണ് കുഞ്ഞാമന്‍ എംഎ പാസായത്. രാഷ്ട്രപതിയായിരുന്ന കെ ആര്‍ നാരായണന് ശേഷം എംഎയ്ക്ക് റാങ്ക് നേടിയ ആദ്യ ദലിത് വിദ്യാര്‍ത്ഥിയായിരുന്നു എം കുഞ്ഞാമന്‍.

27 വര്‍ഷം കേരള സര്‍വകലാശാലയില്‍ സാമ്പത്തിക ശാസ്ത്ര അധ്യാപകനായിരുന്നു എം കുഞ്ഞാമന്‍. യുജിസി അംഗമായും സേവനമനുഷ്ഠിച്ചു. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സില്‍ പ്രൊഫസറായാണ് വിരമിച്ചത്.

More Stories from this section

family-dental
witywide