ദുബായ്: ഡിസംബർ 23, ശനിയാഴ്ച ഇന്ത്യൻ മഹാസമുദ്രത്തിൽ ചരക്കു കപ്പലിന് നേരെ ഡ്രോൺ ആക്രമണം നടന്നു. കപ്പലിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമൊന്നും ഉണ്ടായില്ലെന്ന് വാർത്താ ഏജൻസിയായ എഎഫ്പി റിപ്പോർട്ട് ചെയ്യുന്നു. ആക്രമിക്കപ്പെട്ട കപ്പലിന് ഇസ്രായേലുമായി ബന്ധമുള്ളതായും റിപ്പോർട്ടിൽ പറയുന്നു.
ഗുജറാത്തിലെ വെരാവൽ തീരത്തുവച്ചാണ് ആക്രമണമുണ്ടായത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ബിട്ടീഷ് സൈന്യത്തിന്റെ യുണൈറ്റഡ് കിങ്ഡം മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്, ആഗോള മാരിടൈം റിസ്‌ക് മാനേജ്‌മെന്റ് സ്ഥാപനമായ ആംബ്രേ എന്നിവരാണ് ആക്രമണം സ്ഥിരീകരിച്ചത്.
ആക്രമണത്തില്‍ കപ്പലില്‍ തീപ്പിടത്തമുണ്ടായെന്ന് യു.കെ. മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ് അറിയിച്ചു. ലൈബീരിയയുടെ പതാകയുള്ള, ഇസ്രയേല്‍ അംഗീകാരമുള്ള കെമിക്കല്‍ പ്രൊഡക്ട്‌സ് ടാങ്കറാണ് ആക്രമിക്കപ്പെട്ടതെന്ന് ആംബ്രേ അറിയിച്ചു.
സ്‌ഫോടനത്തെത്തുടര്‍ന്ന് കപ്പലില്‍ തീപടർന്നു. പിന്നീട് തീയണച്ചു. സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നന്ന് അറിയിച്ച യു.കെ. മാരിടൈം ട്രേഡ് ഓപ്പറേഷന്‍സ്, മറ്റ് കപ്പലുകള്‍ക്ക് ജാഗ്രതാനിര്‍ദേശം നല്‍കി.