കൊച്ചി: മലയാള സിനിമാ ചരിത്രത്തിൽ പ്രീ ബുക്കിങ് ബിസിനസ് കണക്കുകളിൽ ഏറ്റവും തുക കരസ്ഥമാക്കിയ ചിത്രമായി കിങ് ഓഫ് കൊത്ത മാറി. മൂന്നു കോടിയിൽ പരം തുകയാണ് റിലീസാകാൻ ഒരു ദിവസം ബാക്കി നിൽക്കെ കേരളത്തിൽ നിന്ന് മാത്രം ചിത്രം കരസ്ഥമാക്കിയത്. ലോകവ്യാപകമായി ആറു കോടിയിൽപ്പരം നേടിയ ചിത്രം പാൻ ഇന്ത്യൻ സൂപ്പർ താരം ദുൽഖർ സൽമാന്റെ പ്രേക്ഷക പ്രീതി ഒന്ന് കൂടി വ്യക്തമാക്കുന്നു.
നേരത്തെ കെ ജി എഫ് 2.93 കോടി നേടിയതായിരുന്നു കേരളത്തിലെ ഏറ്റവും വലിയ പ്രീ സെയിൽ ബിസിനസ്. റിലീസിന് ഒരു ദിവസം മുന്നേ ആ റെക്കോർഡ് തിരുത്തിക്കുറിച്ച് കിങ് ഓഫ് കൊത്ത നാളെ തിയറ്ററുകളിലേക്ക് എത്തുകയാണ്. കേരളത്തിൽ മാത്രം അഞ്ഞൂറിൽപരം സ്‌ക്രീനിൽ എത്തുന്ന ചിത്രം അൻപതിൽപരം രാജ്യങ്ങളിൽ 2500 സ്‌ക്രീനുകളിൽ റിലീസാകും. മാസ്സും ആക്ഷനും കെട്ടുറപ്പുള്ള കഥയും കഥാപാത്രങ്ങളും മികവാർന്ന സംഗീതവും സാങ്കേതിക മികവും കൊത്തയിലെ രാജാവിന്റെ മിന്നുന്ന പ്രകടനവും തിയറ്ററിൽ തീപ്പൊരിപ്പാറിക്കുമെന്നുറപ്പ്.
സീ സ്റ്റുഡിയോസും വേഫേറെർ ഫിലിംസും ചേർന്ന് നിർമ്മിക്കുന്ന ചിത്രത്തിന്റെ ടിക്കറ്റു വില്പന ഇപ്പോഴും ട്രെൻഡിൽ കുതിക്കുമ്പോൾ ബുക്ക് മൈ ഷോയിൽ ഒരു ലക്ഷത്തിൽപ്പരം ലൈക്കുകളും ചിത്രം സ്വന്തമാക്കി.
ഐശ്വര്യാ ലക്ഷ്മി, ഷബീർ കല്ലറക്കൽ, പ്രസന്ന, ഗോകുൽ സുരേഷ് , ഷമ്മി തിലകൻ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രൻ തുടങ്ങി വമ്പൻ താര നിരയാണ് ചിത്രത്തിലുള്ളത്.
കിങ് ഓഫ് കൊത്തയുടെ ഛായാഗ്രഹണം നിമീഷ് രവിയാണ്. ജേക്സ് ബിജോയ്,ഷാൻ റഹ്മാൻ എന്നിവർ ചിത്രത്തിന് സംഗീതമൊരുക്കുന്നു, സംഘട്ടനം : രാജശേഖർ, സ്ക്രിപ്റ്റ് : അഭിലാഷ് എൻ ചന്ദ്രൻ, പ്രൊഡക്ഷൻ ഡിസൈനർ : നിമേഷ് താനൂർ, എഡിറ്റർ: ശ്യാം ശശിധരൻ, കൊറിയോഗ്രാഫി: ഷെറീഫ് ,വി എഫ് എക്സ് : എഗ്ഗ് വൈറ്റ്, മേക്കപ്പ് :റോണെക്സ് സേവിയർ, വസ്ത്രാലങ്കാരം :പ്രവീൺ വർമ്മ,സ്റ്റിൽ :ഷുഹൈബ് എസ് ബി കെ, പ്രൊഡക്ഷൻകൺട്രോളർ :ദീപക് പരമേശ്വരൻ, മ്യൂസിക് : സോണി മ്യൂസിക്, പി ആർ ഓ: പ്രതീഷ് ശേഖർ.