മുംബൈ: ബോളിവുഡ് നടന്‍ രണ്‍ബീര്‍ കപൂറിനെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. വെള്ളിയാഴ്ച ഹാജരാകാനാണ് നിര്‍ദേശം. ഗെയിമിങ് ആപ്പുമായി ബന്ധപ്പെട്ട കേസിലാണ് താരത്തെ ചോദ്യം ചെയ്യുക. ഓണ്‍ലൈന്‍ ചൂതാട്ട കേസുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി മറ്റ് ചില പ്രമുഖ ബോളിവുഡ് നടന്മാരെയും ഗായകരെയും അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യുന്നതിനായി വിളിച്ചുവരുത്തിയേക്കും.
ഈ വര്‍ഷം ഫെബ്രുവരിയില്‍ യുഎഇയില്‍ നടന്ന മഹാദേവ് ബുക്ക് ആപ്പ് പ്രൊമോട്ടറായ സൗരഭ് ചന്ദ്രക്കറിന്റെ വിവാഹ ചടങ്ങില്‍ പ്രമുഖ അഭിനേതാക്കളും ഗായകരും പങ്കെടുത്തിരുന്നു. ഓണ്‍ലൈന്‍ ബെറ്റിങ് പ്ലാറ്റ്‌ഫോമായ മഹാദേവ് ബുക്ക് ആപ്പിന്റെ നിരവധി സംസ്ഥാനങ്ങളിലെ ഓഫീസുകള്‍ ഇ ഡി പരിശോധിച്ചുവരികെയാണ്. ടൈഗര്‍ ഷ്രോഫ്, സണ്ണി ലിയോണ്‍, നേഹ കക്കര്‍, ആതിഫ് അസ്ലം, രഹത് ഫത്തേ അലി ഖാന്‍, അലി അസ്ഗര്‍, വിശാല്‍ ദദ്ലാനി, എല്ലി അവ്റാം, ഭാരതി സിംഗ്, ഭാഗ്യശ്രീ, കൃതി ഖര്‍ബന്ദ, നുഷ്രത്ത് ഭരുച്ച, കൃഷ്ണ അഭിഷേക്, സുഖ്വീന്ദര്‍ സിംഗ് എന്നിവരും ഇതില്‍ ഉള്‍പ്പെടുന്നു.