കേരളത്തില്‍ ഇ.ഡിക്ക് വിശ്രമമില്ല, ഇന്ന് റെയ്ഡ് പിഎഫ്ഐ മുന്‍ നേതാക്കളുടെ വീട്ടില്‍

കൊച്ചി: പോപുലര്‍ ഫ്രണ്ട് മുന്‍ നേതാക്കളുടെ വീടുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) റെയ്ഡ്. ഡല്‍ഹിയില്‍ റജിസ്റ്റര്‍ ചെയ്ത കേസിലാണ് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ ഇഡി രാവിലെ മുതല്‍ റെയ്ഡ് നടത്തുന്നത്. എറണാകുളം, തൃശൂര്‍, മലപ്പുറം, വയനാട് ജില്ലകളിലെ പിഎഫ്ഐയുടെ മുന്‍ നേതാക്കളുടെ വീടുകളിലും പിഎഫ്‌ഐ ഓഫിസുകളിലുമാണ് റെയ്ഡ് നടക്കുന്നത്. ഹവാല പണമിടപാട് നടന്നു എന്ന കേസിന്റെ അടിസ്ഥാനത്തിലാണ് ഇഡി പരിശോധന.

ട്രസ്റ്റുകളുടെ മറവില്‍ വിദേശത്ത് നിന്നും പണമെത്തിയെന്നും അത് ദേശവിരുദ്ധ പ്രവര്‍ത്തനത്തിന് വിനിയോഗിച്ചെന്നുമാണ് പോപുലര്‍ ഫ്രണ്ടിനെതിരെ ഡല്‍ഹിയിലുള്ള കേസ്. ചാവക്കാട് പിഎഫ്ഐ മുന്‍ സംസ്ഥാന നേതാവ് അബ്ദുള്‍ ലത്തീഫിന്റെയും കൊച്ചി കുമ്പളത്തെ മുന്‍ ജില്ലാ പ്രസിഡന്റ് ജമാല്‍ മുഹമ്മദ്, എസ്ഡിപിഐ നേതാവ് നൂറുല്‍ അമീന്‍ തുടങ്ങിയവരുടെ വീട്ടിലുമാണ് പരിശോധന നടക്കുന്നത്.

കഴിഞ്ഞ മാസം പിഎഫ്‌ഐയുടെ ഉടമസ്ഥതയിലുള്ളതെന്ന് ആരോപിക്കപ്പെടുന്ന കേരളത്തിലെ പരിശീലന കേന്ദ്രം ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കണ്ടുകെട്ടിയിരുന്നു. ഗ്രീന്‍ വാലി ഫൗണ്ടേഷന്റെ മലപ്പുറം മഞ്ചേരിയിലെ ഗ്രീന്‍ വാലി അക്കാദമിയായിരുന്നു എന്‍ഐഎ കണ്ടുകെട്ടിയത്.

പിഎഫ്‌ഐ നിരോധിച്ച ശേഷം കണ്ടുകെട്ടുന്ന കേരളത്തിലെ ആറാമത്തെ ആയുധ പരിശീലന കേന്ദ്രമായിരുന്നു ഗ്രീന്‍ വാലി. പത്ത് ഏക്കറില്‍ വ്യാപിച്ചുകിടക്കുന്നതാണ് ഗ്രീന്‍ വാലി അക്കാദമി. ‘യുവാക്കളെ തീവ്രവത്ക്കരിക്കാനും പിഎഫ്‌ഐയുടെ വിഭജനവും വര്‍ഗീയവുമായ അജണ്ട പ്രോത്സാഹിപ്പിക്കാനും ഈ കേന്ദ്രം ഉപയോഗിക്കപ്പെട്ടു. ആയുധ-ശാരീരിക പരിശീലനം, പ്രത്യയശാസ്ത്ര പ്രചാരണം, കൊലപാതകങ്ങളും തീവ്രവാദ പ്രവര്‍ത്തനങ്ങളും ഉള്‍പ്പെടെയുള്ള വിവിധ കുറ്റകൃത്യങ്ങള്‍ ചെയ്യുന്നതിനുള്ള പരിശീലനം എന്നിവയ്ക്കായി സംഘടനയുടെ നേതൃത്വം ഇടയ്ക്കിടെ ഉപയോഗിക്കുന്ന 12 പിഎഫ്‌ഐ ഓഫീസുകളും അറ്റാച്ച് ചെയ്തിട്ടുണ്ട്.’ എന്നാണ് അന്ന് എന്‍ഐഎ വ്യക്തമാക്കിയത്..

More Stories from this section

family-dental
witywide