മദ്യനയക്കേസ്: അരവിന്ദ് കെജ്രിവാളിന് വീണ്ടും സമന്‍സയച്ച് ഇ.ഡി

ന്യൂഡൽഹി: മദ്യനയവുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ഇ.ഡി വീണ്ടും സമന്‍സ് അയച്ചു. ഡിസംബര്‍ 21 വ്യാഴാഴ്ച ഏജന്‍സിക്ക് മുമ്പാകെ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാണ് നിര്‍ദ്ദേശം.

അരവിന്ദ് കെജ്രിവാളിന് ഇ.ഡി നല്‍കുന്ന രണ്ടാമത്തെ സമന്‍സാണിത്. കഴിഞ്ഞ നവംബര്‍ 2 ന് ഹാജരാകാന്‍ കെജ്രിവാളിനോട് ഇ.ഡി ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഇഡി നീക്കം നിയമവിരുദ്ധവും രാഷ്ട്രീയ പ്രേരിതവുമാണെന്ന് ആരോപിച്ച് അദ്ദേഹം ഹാജരായിരുന്നില്ല. ബിജെപിയുടെ ആവശ്യപ്രകാരമാണ് സമന്‍സ് അയച്ചതെന്നും അദ്ദേഹം ആരോപിച്ചിരുന്നു. തന്നെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്താൽ പാർട്ടിയും ഡൽഹി സർക്കാരും ജയിലിൽ നിന്നുകൊണ്ട് പ്രവർത്തിക്കുമെന്നും കെജ്രിവാൾ പറഞ്ഞിരുന്നു.

ഈ വര്‍ഷം ഏപ്രിലില്‍ നടന്ന മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട് അരവിന്ദ് കെജ്രിവാളിനെ സിബിഐ ചോദ്യം ചെയ്തിരുന്നു. ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് നടന്ന ചോദ്യം ചെയ്യല്‍ ഒമ്പത് മണിക്കൂര്‍ നീണ്ടു.

“അന്വേഷണ ഏജന്‍സി എന്നോട് 56 ചോദ്യങ്ങള്‍ ചോദിച്ചു. 9.5 മണിക്കൂര്‍ സിബിഐ ചോദ്യം ചെയ്യല്‍ നടത്തി. എല്ലാ ചോദ്യങ്ങള്‍ക്കും ഞാന്‍ ഉത്തരം നല്‍കി. എനിക്കെതിരായ ആരോപണം വ്യാജമാണ്. ഇതിന് പിന്നില്‍ മോശം രാഷ്ട്രീയമാണ്. ആം ആദ്മി പാര്‍ട്ടി സത്യസന്ധമായ പാര്‍ട്ടിയാണ്. അവര്‍ എഎപിയെ തകര്‍ക്കാന്‍ ആഗ്രഹിക്കുന്നു. പക്ഷേ രാജ്യത്തെ ജനങ്ങള്‍ ഞങ്ങളോടൊപ്പമുണ്ട്,” ചോദ്യം ചെയ്യലിന് ശേഷം കെജ്രിവാള്‍ പറഞ്ഞു. 

ഡല്‍ഹി സര്‍ക്കാരിന്റെ 2021-22ലെ എക്സൈസ് നയം ഇഡിയും സിബിഐയും അന്വേഷിക്കുന്നുണ്ട്. സര്‍ക്കാര്‍ ചില മദ്യവ്യാപാരികള്‍ക്ക് അനുകൂലമായി പ്രവര്‍ത്തിച്ചുവെന്നാണ് ആരോപണം. ഇത് എഎപി ശക്തമായി നിഷേധിച്ചിച്ചിരുന്നു. 

More Stories from this section

family-dental
witywide