സ്ത്രീ തന്നെയാണ് ധനം, അവളുടെ ആത്മാഭിമാനത്തിന് വിലയിടരുത്

സ്ത്രീ ഇന്ന് എത്തിച്ചേരാത്ത ഉയരങ്ങളോ, കൈവരിക്കാത്ത നേട്ടങ്ങളോ ഇല്ല. സ്ത്രീ ശക്തയായി മാറിയ കാലമാണിത്. എന്നാൽ വിവാഹ വേളയിൽ സ്ത്രീയുടെ വില അവൾ കൊണ്ടുവരുന്ന പണത്തിനും പൊന്നിനും തുല്യമാണെന്ന പഴഞ്ചൻ ധാരണയ്ക്ക് കാര്യമായ മാറ്റമൊന്നും വന്നിട്ടില്ല. നവോത്ഥാന കേരളത്തിലും അതിനു മുന്നും പിന്നുമൊക്കെ സ്ത്രീധനം എന്ന സാംസ്കാരിക അനാചാരം അലങ്കാരമായി തന്നെ കൊണ്ടാടപ്പെടുകയാണ്. അതിൽ ഇല്ലാതായത് ഡോ. ഷഹ്നയോ , ഉത്തരയോ, വിസ്മയയോ മാത്രമല്ല ആയിരക്കണക്കിന് സ്ത്രീകളാണ്. ഭർത്താവിൻ്റെ വീട്ടിൽ ഒരു സ്ത്രീയുടെ സമാധാനപൂർണമായ ജീവിതത്തിന്റെ മാനദണ്ഡം തന്നെ സ്ത്രീധനമാണ് എന്നത് പരസ്യമായ രഹസ്യമാണ്. വിവാഹത്തിന്റെ ആധാരശില തന്നെ സ്ത്രീധനമാണ് എന്ന കാഴ്ച്ചപ്പാട് ആത്മാഭിമാനമുള്ള തലമുറയ്ക്ക് അപമാനമാണ് എന്ന് പറയാതെ വയ്യ.

“എല്ലാവര്‍ക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്’ എന്ന് കുറിപ്പെഴുതിയിട്ടാണ് ഡോ. ഷഹ്ന എന്ന മെഡിക്കല്‍ വിദ്യാര്‍ഥിനി ജീവന്‍ വെടിഞ്ഞത്. പിന്നീട് പുറത്തുവന്ന വാര്‍ത്തകളിലൂടെ സ്ത്രീധനം എന്ന ദുരാചാരമാണ് ആ യുവ ഡോക്ടറുടെ അന്ത്യത്തിനു കാരണമെന്നു വ്യക്തമാവുകയാണ്. പ്രണയം പോലും സ്ത്രീധനത്തിനു മുന്നില്‍ കുമ്പിട്ട് മടങ്ങിയതിന്റെ മനോവേദനയില്‍ നിന്നാണ് ആത്മഹത്യയ്ക്കു മുമ്പ് പണത്തെപ്പറ്റി പരാമര്‍ശിക്കുന്ന ആ വരികള്‍ എഴുതിയതെന്ന് മനസ്സിലാക്കാനാകും. അവരുടെ സ്ത്രീധന മോഹം മൂലം എന്റെ ജീവിതം അവസാനിക്കുന്നു എന്നാണ് ഈ പെണ്‍കുട്ടി എഴുതിയത്.

വിവാഹജീവിതത്തിലേക്ക് പിടിച്ചുകയറാന്‍ കൈ നീട്ടിയവളെ മരണത്തിലേക്ക് തട്ടിത്തെറിപ്പിച്ചതു ചില്ലറക്കാരനല്ല. വൈദ്യബിരുദവും സംഘാടനവിരുതുമുള്ള ഡോക്ടര്‍തന്നെ. രോഗികളുടെ ശരീരത്തിന്റെ മാത്രമല്ല, സമൂഹ മനസ്സിന്റെ രോഗത്തിനെതിരെയും പൊരുതുന്ന ഭിഷഗ്വര സംഘടനയുടെ നേതാവു കൂടിയാണ് കക്ഷി. എന്നിട്ടെന്ത്?

രണ്ടര വര്‍ഷം മുമ്പ് വൈദ്യ വിദ്യാര്‍ഥിനി വിസ്മയ മരിച്ചപ്പോള്‍ ഇനിയൊരാള്‍ക്ക് ഈ ഗതി വരുത്തല്ലേ എന്ന അച്ഛന്റെ പ്രാര്‍ഥന കേരളത്തിന്റേതുകൂടി ആയിരുന്നു. പക്ഷേ, മനുഷ്യത്വത്തിന്റെ ഉള്ളുരുക്കങ്ങളൊന്നും ഏശുന്നില്ലെന്നാണ് കണക്കുകള്‍ വെളിപ്പെടുത്തുന്നത്.

സ്ത്രീധന പീഡനക്കേസുകള്‍ വര്‍ഷംപ്രതി അയ്യായിരമെത്തുന്നുണ്ട് കേരളത്തില്‍. കഴിഞ്ഞ ഒന്നര പതിറ്റാണ്ടില്‍ 260 പെണ്‍കുട്ടികള്‍ക്ക് ജീവന്‍ നഷ്ടമായിട്ടുണ്ട്. സ്ത്രീധനം പോരാത്തതിന് ഇണയെ കൊന്ന് കെട്ടിത്തൂക്കുന്നതും തീവെച്ചും പട്ടിണിക്കിട്ടും കൊല്ലുന്നതും മുതല്‍ പാമ്പിനെ വിട്ട് കടിപ്പിച്ചു കൊല്ലുന്നതുവരെ കണ്ടു- 100 പവന്‍, മൂന്നരയേക്കര്‍ സ്ഥലം, കാര്‍, 10 ലക്ഷം രൂപ, വീട്ടുചെലവിനു പ്രതിമാസം 8000 രൂപയടക്കം നല്‍കിയതും പോരാഞ്ഞ്- അടൂരിലെ ഉത്രയെ ചെയ്തതുപോലെ.
രണ്ടു ലക്ഷം രൂപ വൈകിയതിന് കൊല്ലത്ത് രണ്ടു പിഞ്ചുകുഞ്ഞുങ്ങളുടെ അമ്മയെ പട്ടിണിക്കിട്ടാണ് കൊന്നത്. ഈ ആര്‍ത്തിപ്പണ്ടാരങ്ങളെ കൈകാര്യംചെയ്യാതെ ഏതു നവകേരളമാണ് നമ്മള്‍ സാധ്യമാക്കുക?

സ്ത്രീധനം വാങ്ങുകയോ പ്രേരിപ്പിക്കുകയോ ചെയ്താല്‍ അഞ്ചുവര്‍ഷം തടവും 15,000 രൂപ പിഴയും, ആവശ്യപ്പെട്ടാല്‍ ആറു മാസം മുതല്‍ രണ്ടു വര്‍ഷം വരെ തടവും 10,000 പിഴയും, പരസ്യം കൊടുത്താല്‍ അഞ്ചുവര്‍ഷം തടവും 15000 രൂപ പിഴയും എന്നിങ്ങനെ ശിക്ഷ നിഷ്‌കര്‍ഷിക്കുന്ന സ്ത്രീധന നിരോധന നിയമം നാട്ടിലുണ്ട്. എന്നാല്‍ നിയമപാലകരുടെ അനാസ്ഥ പലപ്പോഴും കുറ്റകൃത്യങ്ങള്‍ നേര്‍പ്പിക്കാനോ മറപ്പിക്കാനോ ഇടയാക്കുന്നു.

സ്ത്രീധനം വാങ്ങുന്നതും കൊടുക്കുന്നതും നിയമപരമായി കുറ്റമാണെങ്കിലും ഒരു നാട്ടുനടപ്പുപോലെ അതിപ്പോഴും തുടരുന്നവര്‍ ഈ നാട്ടില്‍ കുറവല്ല. അതേസമയം പണത്തെ സംബന്ധിച്ച ഒരു പരാമര്‍ശം പോലുമില്ലാതെ മാന്യമായ രീതിയില്‍ നടക്കുന്ന വിവാഹങ്ങളുമുണ്ട്.

ഉന്നത വിദ്യാഭ്യാസ മുള്ള പെൺകുട്ടിക്ക് തുല്യ യോഗ്യതയുള്ള പുരുഷനെ കിട്ടണമെങ്കിൽ കൂടുതൽ പണം കൊടുക്കേണ്ട ഗതികേടിലാണ് മാതാപിതാക്കൾ. സ്ത്രീ ധനം ചോദിക്കുന്നവനെ വിവാഹം ചെയ്യില്ല എന്ന് തീരുമാനിക്കേണ്ടത് പെൺകുട്ടികളാണ്. അതിനു ഒരു പെൺകുട്ടിക്ക് അത്യാവശ്യമായി വേണ്ടത് സാമ്പത്തിക സ്വാതന്ത്ര്യമാണ്. അതു നേടണമെങ്കിൽ നല്ല ജോലി വേണം, വിദ്യഭ്യാസം വേണം. കിലോക്കണക്കിന് സ്വർണത്തിനു പകരം മാതാപിതാക്കൾ മകൾക്കായി നൽകേണ്ടത് മികച്ച വിദ്യാഭാസവും അതുവഴി ലഭിക്കേണ്ട നിലവാരമുള്ള സാമൂഹിക ബോധവുമാണ്. സ്ത്രീധനം വാങ്ങിക്കുന്നപോലെ തന്നെ തെറ്റാണ് അത് കൊടുക്കുന്നതും എന്നു മാതാപിതാക്കൾ മറന്നു പോകരുത്. അതുപോലെ അന്യരുടെ വിയർപ്പും അധ്വാനവും കൊണ്ട് ജീവിക്കാം എന്നു കരുതുന്ന ആൺകുട്ടികൾക്ക് എന്ത് ആത്മാഭിമാനമാണ് ഉള്ളത്. സ്വന്തം അധ്വാനിച്ച് , സ്വന്തം വിയർപ്പിന്റെ വിലകൊണ്ട് ജീവിതം കരുപ്പിടിപ്പിക്കാനാണ് ആൺമക്കളോട് മാതാപിതാക്കൾ പറയേണ്ടത്.

സ്ത്രീധനമെന്ന ദുരാചാരത്തിൽ കുടുങ്ങി തീരേണ്ട ഷഹ്നമാരല്ല നമ്മുടെ പെൺ കുട്ടികൾ. അവരുടെ കൂടെ സർക്കാരും പൊതു സമൂഹവും ഒന്നിച്ചു നിൽക്കണം. അവരുടെ ജീവിതം ഇത്തരം പിത്തലാട്ടങ്ങൾകൊണ്ട് മുറിപ്പെടുമ്പോൾ അവരെ ചേർത്തു നിർത്താൻ മാതാപിതാക്കളും തയാറാകണം. മറ്റുള്ളവരുടെ ആർത്തിക്കു മുന്നിൽ ഒരു പെൺകുട്ടിയും തോൽക്കാതിരിക്കട്ടെ.

Editorial on Dowry system in Kerala

More Stories from this section

family-dental
witywide