ടെക്സസ്: അനധികൃത കുടിയേറ്റക്കാരുമായി പോവുകയാണെന്ന് കരുതി പൊലീസ് പിന്തുടർന്ന കാർ അപകടത്തിൽപ്പെട്ട് 8 പേർക്ക് ദാരുണാന്ത്യം. ടെക്സസ് ഹൈവേയിൽ ബേറ്റ്സ് വെല്ലിൽ പുലർച്ചെ 6.30നാണ് അപകടമുണ്ടായത്. പൊലീസ് പിന്തുടരുന്നതറിഞ്ഞ് വേഗത്തിലോടിച്ചു പോയ കാർ ഒരു ട്രക്കിനെ മറികടക്കാൻ ശ്രമിക്കുമ്പോൾ , എതിരെ വന്ന കാറുമായി കൂട്ടിയിടിച്ച് തീ പിടിച്ച് ഇരു കാറിലുമുണ്ടായിരുന്ന എല്ലാവരും കൊല്ലപ്പെടുകയായിരുന്നു. അപകടം വരുത്തിയ കാർ ഓടിച്ചിരുന്നത് 21 വയസ്സുകാരനാണ്. ഇയാൾ ഹ്യൂസ്റ്റൺ സ്വദേശിയാണ്. ഇയാളുടെ കാറിൽ ഹോണ്ടുറാസിൽ നിന്നുള്ളവരായിരുന്നു ഉണ്ടായിരുന്നതെന്ന് പബ്ളിക് സേഫ്റ്റി വിഭാഗം വക്താവ് ക്രിസ്റ്റഫർ ഓലിവാരസ് പറഞ്ഞു. എതിരെ വന്ന കാറിലുണ്ടായിരുന്നത് രണ്ട് ജോർജിയൻ പൌരന്മാരാണ്. മരിച്ചവരുടെ വിവരങ്ങൾ ആദ്യം അവരുടെ കുടുംബങ്ങളെ അറിയിക്കുമെന്ന് പൊലീസ് പറഞ്ഞു.
അപകടത്തിൻ്റെ കൃത്യമായ കാരണം പൊലീസ് പരിശോധിച്ചു വരുന്നതേയുള്ളു. എന്തായാലും രണ്ട് വാഹനങ്ങളും പരിപൂർണമായും തകർന്നു. ഒരു വാഹനം മുക്കാൽ ഭാഗവും കത്തുകയും ചെയ്തു. സാൻ അൻറ്റോണിയോയിൽ നിന്ന് 80 മൈൽ അകലെയാണ് അപകടമുണ്ടായ ബേറ്റ്സ് വെൽ. 2021ലും സമാനമായ അപകടമുണ്ടായി 13 പേർ കൊല്ലപ്പെട്ടിരുന്നു. അനധികൃത കുടിയേറ്റക്കാരുമായി പോയ വാഹനം പൊലീസ് പിന്തുടർന്നതിനെ തുടർന്ന് കലിഫോർണിയയിലെ ഹോട്സ് വില്ലിലായിരുന്നു അപകടം.
Eight dead in Texas crash after police chase suspected migrant smuggler