ദീപാവലിക്ക് വൈദ്യുതി മോഷണം; എച്ച് ഡി കുമാരസ്വാമിക്ക് 68,526 രൂപ പിഴ, ‘വൈദ്യുതി കള്ളന്‍’ എന്ന് പോസ്റ്റർ

ബെംഗലൂരു: ദീപാവലിക്ക് വീട് ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കാൻ വൈദ്യുതി മോഷ്ടിച്ച സംഭവത്തില്‍ കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും ജെഡിഎസ് സംസ്ഥാന അധ്യക്ഷനുമായ എച്ച് ഡി കുമാരസ്വാമിയില്‍ നിന്ന് പിഴ ഈടാക്കി. 68,526 രൂപയാണ് കുമാരസ്വാമിക്ക് കര്‍ണാടക വൈദ്യുതി വകുപ്പിന് കീഴിലുള്ള ബെംഗളൂരു ഇലക്ട്രിസിറ്റി കമ്പനി (ബെസ്‌കോം) പിഴയിട്ടത്.

കുമാരസ്വാമിയുടെ ബെംഗളൂരു ജെപി നഗറിലുള്ള വീട് ദീപാവലി ആഘോഷത്തിനായി ലൈറ്റുകള്‍ കൊണ്ട് അലങ്കരിക്കുന്നതിനാണ് സമീപത്തെ റോഡിലെ വൈദ്യുത തൂണില്‍നിന്ന് വൈദ്യുതി മോഷ്ടിച്ചത്. സംഭവം സ്ഥിരീകരിച്ച ബെസ്‌കോം വിജിലന്‍സ് വിഭാഗം കുമാരസ്വാമിക്കെതിരെ കേസെടുത്തിരുന്നു.

അനധികൃതമായി വൈദ്യുതി ഉപയോഗിച്ച് കുമാരസ്വാമി വീട് അലങ്കരിച്ചത് ചിത്രങ്ങള്‍ സഹിതം കര്‍ണാടക കോണ്‍ഗ്രസ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചിരുന്നു. ഇതോടെയാണ് ബെസ്‌കോം അധികൃതര്‍ പരിശോധന നടത്തുകയും വൈദ്യുതി മോഷണം കണ്ടെത്തുകയും ചെയ്തത്. ഇന്ത്യന്‍ വൈദ്യുതി നിയമത്തിലെ 135 വകുപ്പ് (വൈദ്യുതി മോഷണം) പ്രകാരമാണ് കുമാരസ്വാമിക്കെതിരെ കേസെടുത്തത്. ഒന്നു മുതല്‍ മൂന്ന് വര്‍ഷം വരെ തടവും പിഴയും ലഭിക്കാവുന്ന കുറ്റകൃത്യമാണ് വൈദ്യുതി മോഷണം.വൈദ്യുതി മോഷണ സംഭവത്തില്‍ കുമാരസ്വാമിയെ മുഖ്യമന്ത്രി സിദ്ധരാമയ്യ വിമര്‍ശിച്ചു. കുമാരസ്വാമിക്കെതിരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പശ്ചാത്താപം മാത്രം പോരെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ മനഃപൂര്‍വം വൈദ്യുതി മോഷ്ടിച്ചതല്ലെന്നും ദീപാലങ്കാര ജോലികള്‍ ഏല്‍പ്പിച്ച ജോലിക്കാര്‍ക്ക് പറ്റിയ അബദ്ധമാണെന്നുമാണ് എച്ച് ഡി കുമാരസ്വാമി പറഞ്ഞത്. സംഭവം ശ്രദ്ധയില്‍പ്പെട്ടയുടന്‍ കണക്ഷന്‍ വിച്ഛേദിക്കാന്‍ തന്റെ സ്റ്റാഫിന് നിര്‍ശേദം നല്‍കി. ബെസ്‌കോം ആവശ്യപ്പെടുന്ന പിഴയടയ്ക്കാന്‍ തയാറാണ്. നിസാരപ്രശ്നത്തെ പെരുപ്പിച്ചുകാട്ടുകയാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍, കര്‍ഷകര്‍ വരള്‍ച്ച മൂലം ബുദ്ധിമുട്ടുമ്പോള്‍ അവര്‍ക്കുകൂടി അവകാശപ്പെട്ട വൈദ്യുതി മോഷ്ടിച്ച് കുമാരസ്വാമി വീട് അലങ്കരിച്ചതിനെതിരെ നിശിത വിമര്‍ശമാണ് സമൂഹമാധ്യമങ്ങളില്‍ ഉയര്‍ന്നത്. കുമാരസ്വാമി ലജ്ജിക്കണമെന്ന് പറഞ്ഞ കോണ്‍ഗ്രസ്, ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് 200 യൂണിറ്റ് സൗജന്യ വൈദ്യുതി നല്‍കുന്ന കര്‍ണാടക സര്‍ക്കാരിന്റെ ഗൃഹജ്യോതി പദ്ധതിക്ക് അദ്ദേഹം അപേക്ഷ നല്‍കണമെന്ന് പരിഹസിക്കുകയും ചെയ്തു.

കുമാരസ്വാമിക്കെതിരെ കേസെടുത്തതിന് പിന്നാലെ അദ്ദേഹത്തിന്റെ വീടിന് സമീപത്ത് ‘വൈദ്യുതി കള്ളന്‍’ എന്ന് അച്ചടിച്ച പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹത്തില്‍ വൈറലാവുകയും ചെയ്തു. പിന്നാലെ പൊലീസ് എത്തി പോസ്റ്ററുകള്‍ നീക്കം ചെയ്തു.

Electricity theft on Diwali: HD Kumaraswamy fined Rs 68,526, poster calls him ‘electricity thief’

More Stories from this section

family-dental
witywide