‘പണം കൊണ്ട് വിരട്ടാൻ നോക്കണ്ട’; ആപ്പിളും ഡിസ്നിയും അടക്കമുള്ള കമ്പനികൾക്കെതിരെ മസ്ക്

വാഷിങ്ടൺ: എക്സ് പ്ലാറ്റ്‌ഫോമിലെ പരസ്യദാതാക്കൾക്കെതിരെ രൂക്ഷവിമർശനവുമായി ടെസ്‍ല സി.ഇ.ഒ ഇലോൺ മസ്ക്. എക്സിൽ പരസ്യം നൽകില്ലെന്ന് അറിയിച്ച് വൻകിട കമ്പനികൾ തന്നെ ബ്ലാക്ക്മെയിൽ ചെയ്യുകയാണെന്ന് മസ്ക് പറഞ്ഞു. ന്യൂയോർക്കിന്റെ ഡീൽബുക്ക് സമ്മിറ്റിൽ സംസാരിക്കവെയാണ് മസ്കിന്റെ വിമർശനം.

“പരസ്യം കൊണ്ടോ പണം കൊണ്ടോ എന്നെ വിരട്ടാൻ നോക്കുന്നവരോട് പറയാനുള്ളത് എക്സിൽ പരസ്യം ചെയ്യേണ്ടതില്ലെന്നാണ്,” മസ്ക് പറഞ്ഞു. ബഹിഷ്കരിക്കുന്നവർക്കെതിരെ അശ്ലീലപദവും മസ്ക് പ്രയോഗിച്ചു.

നേരത്തെ എക്സിൽ പരസ്യം ചെയ്യുന്നതിൽ നിന്ന് ചില കമ്പനികൾ പിന്മാറിയിരുന്നു. ഇതിലാണ് മസ്കിന്റെ പ്രതികരണം പുറത്ത് വന്നിരിക്കുന്നത്. എക്സിൽ അവർ പരസ്യം ചെയ്യേണ്ടതില്ലെന്ന് മസ്ക് അറിയിച്ചു. എക്സിനെ ബഹിഷ്‍കരിച്ച ആപ്പിൾ, വാൾട്ട് ഡിസ്നി, ഐ.ബി.എം തുടങ്ങിയ വൻകിടക്കാർക്കെതിരെയായിരുന്നു മസ്കിന്റെ വിമർശനം.

ഇസ്രയേൽ-പാലസ്തീൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, ജൂതമതസ്ഥർ ഇരവാദം നടത്തുകയാണെന്നുള്ള ഒരു സോഷ്യൽ മീഡിയ പോസ്റ്റിനെ ശരിവെച്ചു കൊണ്ടുള്ള മസ്കിന്റെ പരാമർശത്തിനു പിന്നാലെയാണ് അദ്ദേഹത്തിനെതിരെ വ്യക്തിപരമായ വിമർശനം ശക്തമായത്.