കൊച്ചി: കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ രാജിയില്‍ പ്രതികരിച്ച് വിവിധ അല്‍മായ സംഘടനകള്‍. ഈ രാജിയോടെ സീറോ മലബാര്‍ സഭയുടെ ഇരുണ്ടയുഗത്തിന് അവസാനമായെന്ന് അല്‍മായ മുന്നേറ്റം വിമര്‍ശിച്ചു. കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെയും മാര്‍ ആന്‍ഡ്രൂസ് താഴത്തിന്റെയും രാജി സീറോ മലബാര്‍ സഭയുടെ ഇരുണ്ടയുഗത്തിന് അവസാനമാണ്. കഴിഞ്ഞ ആറ് വര്‍ഷമായി എറണാകുളം അതിരൂപത വിശ്വാസികളും വൈദികരും നീതിക്കും സത്യത്തിനും വേണ്ടിയുള്ള പോരാട്ടത്തിലായിരുന്നു. ഇവരുടെ രാജിയില്‍ വത്തിക്കാന്‍ വരുത്തിയ കാലതാമസത്തിന് സഭയോടും അതിരൂപതയോടും സഭാ നേതൃത്വം മാപ്പ് പറയണമെന്നും അല്‍മായ മുന്നേറ്റം ആവശ്യപ്പെട്ടു.
സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ്പെന്ന നിലയില്‍ കര്‍ദിനാള്‍ ജോര്‍ജ് ആലഞ്ചേരിയുടെ സത്യസന്ധമല്ലാത്തതും ആത്മാര്‍ത്ഥതയുമില്ലതാത്ത ശുശ്രൂഷയുടെ പര്യാവസാനമാണ് അദ്ദേഹത്തിന്റെ രാജി വത്തിക്കാന്‍ സ്വീകരിച്ചതെന്ന് അതിരൂപത സംരക്ഷണ സമിതി എന്ന പേരിലുള്ള ഗ്രൂപ്പ് ആരോപിച്ചു. സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്ത കുറിപ്പിലൂടെയാണ് വിമര്‍ശനം. ഭൂമിയിടപാടു കേസുമായി ബന്ധപ്പെട്ട് എറണാകുളംഅങ്കമാലി അതിരൂപതയിലെ വൈദികരും സന്നസ്ത്യരും അല്മായരും ഉയര്‍ത്തിയ സത്യസന്ധമായ ചില നിലപാടുകളുടെ വിജയമാണ് ഇന്ന് കണ്ടതെന്നും കുറിപ്പില്‍ പറയുന്നു.
കുര്‍ബാന അര്‍പ്പണ രീതിയെക്കുറിച്ചുള്ള തീരുമാനത്തെ അതിരൂപത എതിര്‍ത്ത സാഹചര്യത്തില്‍ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് സമാധാനം സൃഷ്ടിക്കാന്‍ നിയമിക്കപ്പെട്ട അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ആര്‍ച്ചുബിഷപ് ആന്‍ഡ്രൂസ് താഴത്ത് കത്തോലിക്കാ സഭയില്‍ ഒരിടത്തും ഇന്നുവരെ കേട്ടുകേള്‍വി പോലുമില്ലാത്ത ധാര്‍ഷ്ട്യത്തിന്റെയും അടിച്ചമര്‍ത്തലിന്റെയും വഴിയാണ് തിരഞ്ഞെടുത്തതെന്നും പോസ്റ്റില്‍ ആരോപിക്കുന്നു. ഭൂമിയിടപാടും അതിനെ മറയ്ക്കാന്‍ പൊക്കിയെടുത്ത ലിറ്റര്‍ജി പ്രശ്‌നവും എറണാകുളംഅങ്കമാലി അതിരൂപതയെ തകര്‍ക്കാനുള്ള ആയുധങ്ങളായി മാറ്റിയര്‍വര്‍ക്കുള്ള മറുപടിയാണ് മേജര്‍ ആര്‍ച്ചുബിഷപിന്റെ രാജി എന്നും കുറിപ്പില്‍ പറയുന്നു.