
പരിധികൾ ലംഘിച്ച് ഇസ്രയേൽ നടത്തുന്ന കൊലപാതകത്തിന് പച്ചക്കൊടി കാണിക്കരുതെന്ന് ഖത്തർ ഭരണാധികാരി ഷെയ്ഖ് തമീം ബിൻ ഹമദ് ആൽതാനി. ഇസ്രയേലിനും ഹമാസിനും ഇടയിൽ വെടിനിർത്തൽ ഉണ്ടാക്കാനും മധ്യസ്ഥത വഹിക്കാനും ഖത്തർ ശ്രമം ആരംഭിച്ചതിന് ശേഷം ഷെയ്ഖ് തമീം ബിൻ ഹമദ് അൽതാനിയുടെ ആദ്യ പരസ്യ പ്രസ്താവനയാണിത്.
“ഞങ്ങൾ പറയുന്നു മതിയാക്കൂ എന്ന്,” ശൂറാ കൗൺസിൽ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“എല്ലാ പരിധികളും ലംഘിട്ടുകൊണ്ടുള്ള ഇസ്രയേലിന്റെ ഈ കൂട്ടക്കൊലയ്ക്ക് അന്താരാഷ്ട്ര സമൂഹം പിന്തുണ നൽകുന്നത് അംഗീകരിക്കാനാവില്ല. ഹമാസിനെതിരായ സൈനിക നടപടി എന്ന പേരിൽ ലോകത്തിലെ ഏറ്റവും ജനസാന്ദ്രതയുള്ള മേഖലയായ ഗാസയിൽ ഇസ്രയേൽ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള നിരപരാധികൾക്കെതിരെ നടത്തുന്ന ക്രൂരമായ ബോംബാക്രമണത്തിൽ നിശ്ശബ്ദത പാലിക്കാൻ കഴിയില്ല,” ഖത്തർ ഭരണാധികാരി വ്യക്തമാക്കി.
ഇരട്ടത്താപ്പ് തങ്ങൾ അംഗീകരിക്കില്ലെന്നും പലസ്തീനിലെ കുട്ടികളുടെ ജീവന് ഒരു വിലയും ഇല്ലാത്തതു പോലെയാണ് അന്താരാഷ്ട്ര സമൂഹത്തിന്റെ പ്രതികരണമെന്നും അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്ര സമൂഹത്തിന്റെ ഇരട്ടത്താപ്പിനെയും എല്ലാ അന്താരാഷ്ട്ര നിയമങ്ങളും ലംഘിച്ചുകൊണ്ട് ഭക്ഷണവും വെള്ളവും മരുന്നും നിഷേധിച്ച് തുടരുന്ന ഉപരോധങ്ങളെയും അദ്ദേഹം വിമർശിച്ചു.