ഡാളസ്: മലങ്കര മാര്‍ത്തോമ്മാ സുറിയാനി സഭയില്‍ മൂന്ന് പുതിയ എപ്പിസ്‌കോപ്പാമാരുടെ സ്ഥാനാരോഹണം ഡിസംബര്‍ രണ്ടാം തീയതി ശനിയാഴ്ച രാവിലെ 7.30ന് തിരുവല്ല എസ് സി സെമിനാരി മൈതാനത്ത് പ്രത്യേകം തയ്യാറാക്കി കൂദാശ ചെയ്യുന്ന മദ്ബാഹയില്‍ വച്ച് നടത്തപ്പെടുന്നു എന്ന് അഭിവന്ദ്യ ഡോ.തിയോഡോഷ്യസ് മാര്‍ത്തോമ്മ മെത്രാപ്പോലീത്ത സര്‍ക്കുലര്‍ നമ്പര്‍ 112 മുഖേന അറിയിച്ചു.
2023 ഒക്ടോബര്‍ 2ന് റമ്പാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെട്ട വന്ദ്യ ദിവ്യശ്രീമാന്‍മാരായ കുന്നംകുളം ആര്‍ത്താറ്റ് ഇടവകയില്‍ ചെമ്മണ്ണൂര്‍ കുടുംബാംഗം റവ.സജു സി പാപ്പച്ചന്‍, കൊച്ചുകോയിക്കല്‍ ട്രിനിറ്റി മാര്‍ത്തോമ്മാ ഇടവക കാരംവേലി മണ്ണില്‍ കുടുംബാംഗം റവ.ഡോ.ജോസഫ് ഡാനിയല്‍, മല്ലപ്പള്ളി മാര്‍ത്തോമ ഇടവകയില്‍ കിഴക്കേ ചെറുപാലത്തില്‍ കുടുംബാംഗം റവ.മാത്യു കെ ചാണ്ടി എന്നിവരാണ് എപ്പിസ്‌കോപ്പ സ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്നത്.
2023 ഓഗസ്റ്റ് 30 ന് അലക്‌സാണ്ടര്‍ മാര്‍ത്തോമ വലിയ മെത്രാപ്പോലീത്ത ഓഡിറ്റോറിയത്തില്‍ കൂടിയ സഭാ പ്രതിനിധി മണ്ഡലം ആയിരുന്നു മൂന്ന് എപ്പിസ്‌കോപ്പല്‍ സ്ഥാനാര്‍ത്ഥികളെ തിരഞ്ഞെടുത്തത്. തുടര്‍ന്ന് ഒക്ടോബര്‍ 2ന് അഭിവന്ദ്യ ഡോ. തിയോഡോഷ്യസ് മാര്‍ത്തോമാ മെത്രാപ്പോലീത്തയുടെ മുഖ്യകാര്‍മികത്വത്തില്‍ നടന്ന സ്ഥാനാരോഹണ ശുശ്രൂഷയില്‍, അഭിവന്ദ്യ ഡോക്ടര്‍ യുയാക്കീം മാര്‍ കൂറിലോസ് സഫഗ്രന്‍ മെത്രാപോലീത്താ മൂന്നുപേരെയും റമ്പാന്‍ സ്ഥാനത്തേക്ക് ഉയര്‍ത്തിയിരുന്നു.
വിശുദ്ധ എപ്പിസ്‌കോപ്പ സ്ഥാനാരോഹണ ശുശ്രൂഷയില്‍ ദൈവകൃപ വ്യാപരിക്കുന്നതിനും മേല്‍പ്പട്ടസ്ഥാനത്തേക്ക് ഉയര്‍ത്തപ്പെടുന്ന റമ്പാന്‍മാര്‍ക്ക് സമൃദ്ധിയായി ദൈവാനുഗ്രഹം ലഭിക്കുന്നതിനും ശുശ്രൂഷയ്ക്ക് നേതൃത്വം നല്‍കുന്നവര്‍ക്ക് ആവശ്യമായ ആത്മീയ പ്രചോദനം ഉണ്ടാകേണ്ടതിനും ഏവരും ഭക്തിയോടും പ്രാര്‍ത്ഥനയോടുകൂടി പങ്കെടുക്കണമെന്ന് അഭിവന്ദ്യ മെത്രാപ്പോലീത്ത ഉദ്‌ബോധിപ്പിച്ചു.