വിദ്വേഷം പ്രചരിപ്പിച്ചെന്ന പരാതി; രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസ്

കൊച്ചി: കളമശ്ശേരി സ്ഫോടനവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിച്ചെന്ന പരാതിയില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ വീണ്ടും കേസെടുത്തു. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം രാജീവ് ചന്ദ്രശേഖറിനെതിരെ കേസ് രജിസ്റ്റര്‍ ചെയ്തത്. കോണ്‍ഗ്രസ് നേതാവ് പി സരിന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തിട്ടുള്ളത്. സമൂഹമാധ്യമങ്ങളിലൂടെ വിദ്വേഷം പ്രചരിപ്പിക്കുക, മത സ്പര്‍ദ്ധ ഉണ്ടാക്കാന്‍ ശ്രമിക്കുക അടക്കമുള്ള വകുപ്പുകള്‍ ചുമത്തിയാണ് എഫ്‌ഐആര്‍ എടുത്തിട്ടുള്ളത്.

സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ പരാമര്‍ശത്തില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ എടുക്കുന്ന രണ്ടാമത്തെ കേസാണിത്. നേരത്തെ സൈബര്‍ സെല്‍ എസ് ഐ കൊച്ചി സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ക്ക് നല്‍കിയ പരാതിയിലും കേന്ദ്രമന്ത്രിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തിരുന്നു. കളമശ്ശേരി സ്ഫോടനത്തില്‍ ഹമാസിനെ അടക്കം ബന്ധപ്പെടുത്തിയായിരുന്നു കേന്ദ്ര മന്ത്രിയുടെ പ്രതികരണത്തിനെതിരെ കെപിസിസിയില്‍ നിന്നുള്‍പ്പെടെ പൊലീസിന് പരാതി ലഭിച്ചിരുന്നു.

സ്ഫോടനവുമായി ബന്ധപ്പെട്ട് വിദ്വേഷ പ്രചാരണം നടത്തുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. സംസ്ഥാന വ്യാപകമായി ഇതുവരെ 18ലധികം ഇത്തരം കേസുകള്‍ രജിസ്റ്റര്‍ ചെയ്‌തെന്നാണ് വിവരം.

More Stories from this section

family-dental
witywide